വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവം; എസ് ബാലുവിന്‍റെ സംസ്കാരം ഇന്ന്
പോത്തൻകോട് സുധീഷ് കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മുങ്ങി മരിച്ച പൊലീസുകാരന്‍ ബാലുവിന്‍റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും. ശേഷം മൃതദേഹം പതിനൊന്നു മണിക്ക് എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും.
പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ ഉച്ചയോടെയാണ് പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങി ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു.
ബാലുവിന്റെ പൊലീസ് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് മൂന്ന് മാസം മാത്രേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചിൽ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇതിനിടെയാണ് വള്ളം മറിഞ്ഞത്.
No comments