Breaking News

പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ: സംസ്‌കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ




അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. ഇന്ന് പുലർച്ചെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം ഡി.സി.സി.യിലും തൊടുപുഴ രാജീവ് ഭവനിലും പൊതുദർശനത്തിന് വെച്ചു . പി.ജെ ജോസഫ്, ഷാഫി പറമ്പില്‍, മാത്യു കുഴൽനാടൻ , വിടി ബൽറാം, മാണി സി കാപ്പൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി . വിലാപയാത്രയായി മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുവരികയാണ് . പാലാരിവട്ടത്തെ വീട്ടിലെത്തിച്ച ശേഷം എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.




ജില്ലാ കളക്ടറും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ചേര്‍ന്ന് പുലര്‍ച്ചെയാണ് വെല്ലൂരിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം സംസ്ഥാന അതിര്‍ത്തിയില്‍ ഏറ്റുവാങ്ങിയത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഉപ്പുതോട്ടെ വീട്ടിലും ഇടുക്കി ഡിസിസി ഓഫീസിലും പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരം അഞ്ചരക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു. അന്ത്യോപചാര സമയത്ത് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും' പാട്ട് കേൾപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വെക്കരുത്, മൃതദേഹം ദഹിപ്പിക്കണം എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങൾ നവംബർ 22ന് പിടി തോമസ് എഴുതിവെപ്പിച്ചിരുന്നു. സുഹൃത്തുക്കൾക്കാണ് പിടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. കണ്ണുകൾ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.

No comments