രൺജിത് വധത്തിൽ നാല് പേർ പിടിയിൽ; ബൈക്കിൽ രക്തകറ കണ്ടെത്തി
ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്‍ വധത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. ബൈക്കില്‍ രക്തകറയുണ്ട്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വൈകിട്ട് നാലിന് നടക്കും.രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു് ശേഷം 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ ജില്ലയില്‍ മറ്റെവിടെയും എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടായിട്ടില്ല.
ജില്ലയിലെ പ്രധാന പാതകളും ഇടറോഡുകളും എല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് നിയന്ത്രണത്തിലാണ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പൊലിസിന്റെ കസ്റ്റഡിയിലായതായാണ് സൂചന. ഷാനെ കൊല്ലാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നതായും ഒരാള്‍ ബൈക്കിലും 4 പേര്‍ കാറിലുമായി കൃത്യത്തില്‍ പങ്കെടുത്തതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളെയും റിമാന്‍ഡ് ചെയ്തു. അതേ സമയം ബി ജെ പി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.
No comments