സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; നാളെ അവസാനിക്കും
കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനങ്ങള്‍ നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ പൊതുയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പാര്‍ട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.
അതിനിടെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുയോഗങ്ങള്‍ വിലക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു.
കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടര്‍ തന്റെ തീരുമാനം പിന്‍വലിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറിയും കേസില്‍ എതിര്‍കക്ഷിയാണ്.
No comments