Breaking News

ജനകീയ ബസ് സർവ്വീസ് നിർത്തിയിട്ട് മാസങ്ങളായി കടുത്ത യാത്രാദുരിതവുമായി ബളാൽ അത്തിക്കടവ്, അരീങ്കല്ല്, ആലടിതട്ട്, വീട്ടിയൊടി,പന്നിയെറിഞ്ഞകൊല്ലി പ്രദേശവാസികൾ


വെള്ളരിക്കുണ്ട്: ജനകീയ ജീപ്പും സ്വകാര്യ ജീപ്പും പിൻവലിഞ്ഞു, ഏക ആശ്രയമായിരുന്ന ജനകീയ ബസും സർവ്വീസ് നിർത്തി, മാസങ്ങളായി യാത്രാദുരിതം പേറി കഴിയുകയാണ് പൊടിപ്പളം, അത്തിക്കടവ്, അരീങ്കല്ല്, ആലടിതട്ട്, വീട്ടിയൊടി, പന്നിയെറിഞ്ഞകൊല്ലി, പ്രതിഭാനഗർ പ്രദേശത്തെ ജനങ്ങൾ. 


വർഷങ്ങളായി ജനകീയ,സ്വകാര്യ ജീപ്പ് സർവ്വീസുകളെ ആശ്രയിച്ചായിരുന്നു പൊടിപ്പളം, അത്തിക്കടവ്, അരീങ്കല്ല്, ആലടിതട്ട്, വീട്ടിയൊടി, പന്നിയെറിഞ്ഞകൊല്ലി, പ്രതിഭാനഗർ പ്രദേശത്തെ ജനങ്ങൾ പല ആവശ്യങ്ങൾക്കുമായി പരപ്പ, ബളാൽ ടൗണുകളിലേക്ക് പോയിക്കൊണ്ടിരുന്നത്. പിന്നീട് പ്രദേശവാസികളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് 2016ൽ ജനകീയ ബസ് എന്ന ആശയം രൂപപ്പെടുകയും അരീങ്കല്ലിലെ കാരുണ്യ സംഘം മുൻകൈയെടുത്ത് ബളാൽ,അരീങ്കല്ല്, പ്രതിഭാനഗർ  ജനകീയ വികസന സമിതി വിളിച്ചു ചേർത്ത് പ്രസിഡൻ്റ്, സെക്രട്ടറി അടക്കം 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈ പ്രദേശത്തെ  ചെറുകിടകർഷകർ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീഅയൽക്കൂട്ടം തുടങ്ങിയവരുടെ സാമ്പത്തിക സഹായത്തോടെ സ്വരൂപിച്ച 21 ലക്ഷത്തിൽ പരം രൂപ ചിലവഴിച്ച് ബസ് വാങ്ങി ജനകീയ ബസ് എന്ന ആശയം യാഥാർത്ഥ്യമാവുകയും നല്ല രീതിയിൽ സർവ്വീസ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി ബസ് സർവ്വീസ് നിർത്തി വച്ചിരുന്നുവെങ്കിലും നിയന്ത്രണങ്ങൾ അവസാനിച്ച് മറ്റ് ബസുകൾ എല്ലാം തന്നെ ഓടിത്തുടങ്ങിയിട്ടും ജനകീയ ബസ് സർവ്വീസ് തുടങ്ങാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. ജനകീയ ധനസമാഹരണത്തിലൂടെ ഫണ്ട് സ്വരൂപിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി വാങ്ങിയ ബസ് മാസങ്ങളായി സർവീസ് നടത്താത്തതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും മറുപടിയൊന്നും കിട്ടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് വർഷത്തോളമായി

പൊതുയോഗം വിളിച്ച് ചേർക്കാതെ കമ്മറ്റി നിർജീവമാണ്.  ബസ് സർവ്വീസ് ആരംഭിച്ച സമയത്ത് നഷ്ടത്തിലായ ജനകീയ ജീപ്പ് വിൽക്കുകയും അതോടൊപ്പം സ്വകാര്യ ജീപ്പുകൾ സർവീസ് നിർത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് പുറംലോകത്തെത്താൻ മറ്റ് മാർഗങ്ങളില്ലാതെ ദുരിതത്തിലാണ്. പട്ടികവർഗ കുടുംബങ്ങളും, പാവപ്പെട്ട കർഷക തൊഴിലാളികളും, കൂലി തൊഴിലാളികളും താമസിക്കുന്ന ബളാലിൻ്റെയും പരപ്പയുടേയും ഉൾപ്രദേശങ്ങളിൽ കഴിയുന്ന ഇവർക്ക് ടൗണിലുള്ള ആശുപത്രിയിൽ പോകാനും, കുട്ടികൾക്ക് സ്ക്കൂളിൽ എത്താനും, റേഷൻകട, പലചരക്ക് കട, വിവിധ ഓഫീസുകൾ തുടങ്ങിയ പലവിധ ആവശ്യങ്ങൾക്കായി വലിയ ചാർജ് നൽകി സ്വകാര്യ ടാക്സികളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ.  ജനകീയ വികസന സമിതി യോഗം വിളിച്ച് ചേർത്ത് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കാൻ തുടർ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments