Breaking News

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; ഇന്ന് നിർണായക മന്ത്രിസഭാ യോ​ഗം


തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിലും, ലോകായുക്താ വിവാദങ്ങൾക്കിടയിലും മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപന രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണം ഏർപെടുത്തുന്നതാനാണ് സാധ്യത. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.അതേസമയം ലോകായുക്താ നിയമ ഭേദഗതിയിൽ മുന്നണിയിൽ തന്നെ ഭിന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ വിഷയം മന്ത്രിസഭാ യോഗത്തിലും ചർച്ചയായേക്കും. ഓർഡിനൻസിൽ ഓപ്പിടരുതെന്ന് ആവശ്യപെട്ട് യു ഡി എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണാൻ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഇന്ന് ഗവർണറെ കാണുക.



ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് പുറമെ ഘടകകക്ഷി നേതാക്കളും സംഘത്തിൽ ഉണ്ടാകും. ഭരണഘടനാ വിരുദ്ധമായ നീക്കമാണ് സർക്കാരിന്റെത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അപ്പീൽ അധികാരം സർക്കാരിലേക്ക് വരുന്നതിന്റെ അപ്രയോഗികതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടും.മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും എതിരെ ലോകായുക്തയിൽ പരാതികൾ നിലനിൽക്കുന്ന കാര്യവും പ്രതിപക്ഷ സംഘം ഗവർണറെ ധരിപ്പിക്കും. സർക്കാർ കൈമാറിയ ഓർഡിനൻസ് ഗവർണർ പരിശോധിച്ചിട്ടുണ്ട്. എന്നാൽ നിയമോപദേശം തേടിയ ശേഷമാകും വിഷയത്തിൽ ഗവർണർ തീരുമാനം എടുക്കുക. സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെടാനും സാധ്യതയുണ്ട്. നിയമസഭാ സമ്മേളനം അടുത്തിരിക്കെ ഗവർണർ തിരക്കിട്ട് തീരുമാനം എടുക്കില്ലെന്നാണ് സൂചനകൾ.




കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും. 1 മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന് ,പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ് കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി എന്നിവ യോഗം ചർച്ച ചെയ്യും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നതിനാൽ പരീക്ഷാതിയ്യതി തൽക്കാലം മാറ്റേണ്ടെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനം. എന്നാൽ ഇതിൽ മാറ്റമുണ്ടാകുമോയെന്ന് ഇന്നറിയാം.

No comments