'നിയന്ത്രണങ്ങൾ പിൻവലിച്ചത് സമ്മർദ്ദം മൂലമല്ല, സാധാരണക്കാരെ ഓർത്ത്'; വിശദീകരണവുമായി കാസർകോട് കലക്ടർ
കാസർകോട് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ് പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്ന് ജില്ലാ കലക്ടർ. ഇത്തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റാണ്. നേരത്തെ നിലവിലുണ്ടായിരുന്ന മാർഗ നിർദ്ദേശ പ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാൽ പുതിയ മാർഗ നിർദ്ദേശം വന്നതിനെതുടർന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കലക്ടർ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതി. അല്ലാത്ത പക്ഷം എന്തിനാണ് നിയന്ത്രണങ്ങൾ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സ്ഥിരവേതനമുള്ള എന്നെപ്പോലുള്ളവരെയല്ല ലോക്ഡൗൺ ബാധിക്കുന്നത്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് റിക്ഷാ ഡ്രൈവർമാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും കലക്ടർ ചൂണ്ടിക്കാട്ടി. കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപെടുത്തിയ തീരുമാനം രണ്ട് മണിക്കൂറുകൾക്കുള്ളിൽ കലക്ടർ പിൻവലിച്ചിരുന്നു. സിപിഐഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാലാണ് കലക്ടർ തീരുമാനം മാറ്റിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടറുടെ വിശദീകരണം.
No comments