Breaking News

'പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെയെന്ന് പറഞ്ഞു'; വിചാരണ വേളയിൽ കിരണിനെതിരെ വിസ്മയയുടെ പിതാവ്



സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ കൊല്ലപ്പെട്ട വിസ്മയയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. 'എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല', എന്ന് വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം വിചാരണവേളയില്‍ കോടതിയില്‍ കേള്‍പ്പിച്ചു. തനിക്ക് ഭര്‍തൃ വീട്ടില്‍ നില്‍ക്കേണ്ടെന്നും വീട്ടിലേക്ക് വരണം, അച്ഛനെ കാണണം എന്നുമാണ് വിസ്മയ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.'എനിക്ക് പേടിയാണ്. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണില്ല, വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഞാന്‍ എന്തെങ്കിലും ചെയ്യും', എന്നുമാണ് വിചാരണ വേളയില്‍ കോടതിയില്‍ കേള്‍പ്പിച്ച ശബ്ദരേഖയില്‍ പറയുന്നത്. കിരണിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. വിശദമായി നടത്തിയ പരിശോധനയില്‍ കിരണിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത സംഭാഷത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.


പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെയെന്ന് പറഞ്ഞാണ് ഒരിക്കല്‍ കിരണ്‍ മകളെ തന്റെ വീട്ടില്‍ കൊണ്ടു വിട്ടതെന്ന് വിസ്മയയുടെ പിതാവ് കൊല്ലം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എന്‍ സുജിത്തിന് മുന്നില്‍ മൊഴി നല്‍കി. വിവാഹ സമ്മാനമായി കിരണിനു നല്‍കിയ സ്വര്‍ണ മാല തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ കാര്യവും വിക്രമന്‍ നായര്‍ കോടതിയില്‍ പറഞ്ഞു. മകള്‍ക്ക് 101 പവന്‍ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് 80 പവന്‍ സ്വര്‍ണം നല്‍കാനേ കഴിഞ്ഞുള്ളൂ. ഇക്കാര്യം പറഞ്ഞില്ലെന്ന കാരണം പറഞ്ഞും കിരണ്‍ താനുമായി വഴക്കുണ്ടാക്കിയെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.



സ്ത്രീധനവുമായി ബന്ധപ്പെട്ട് പിതാവ് ത്രിവിക്രമന്‍ നായരോട് കിരണ്‍ നടത്തുന്ന സംഭാഷണവും അന്വേഷണ സംഘം കോടതിയില്‍ കേള്‍പ്പിച്ചിരുന്നു. കാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പ ഉണ്ടെന്നും സ്വര്‍ണ്ണത്തിന് തൂക്കം കുറവെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കിരണ്‍ പരാതി പറയുന്നതും സംഭാഷത്തില്‍ വ്യക്തമാണ്.പറഞ്ഞുറപ്പിച്ച സ്ത്രീധന തുക നല്‍കാത്തതിന്റെ പേരില്‍ മകള്‍ നിരന്തര മര്‍ദ്ദനത്തിന് ഇരയായെന്ന് വിസ്മയയുടെ പിതാവ മൊഴിനല്‍കിയിരുന്നു. സ്ത്രീധനമായി നല്‍കിയ കാറിന് മൈലേജ് ഇല്ലെന്നു പറഞ്ഞും നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം കുറഞ്ഞെന്നു പറഞ്ഞും ഭര്‍ത്താവ് കിരണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.




കിരണ്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് വിസ്മയ ത്രിവിക്രമന്‍ നായരോട് പറയുന്ന ഫോണ്‍ സംഭാഷണ ശകലവും കോടതിയില്‍ ഹാജരാക്കി. പ്രതിയായ കിരണ്‍കുമാറിനെയും കോടതിയില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് കൊല്ലം പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. വിസ്മയ ബന്ധുവിനയച്ച ചിത്രങ്ങളും സന്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിസ്മയ പ്രതി കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കും സന്ദേശമയച്ചിരുന്നു. കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നാണ് വിസ്മയയുടെ ചാറ്റ് അന്വേഷണ സംഘം കണ്ടെത്തിയത്.

No comments