Breaking News

മദ്യം കൈവശം വയ്ക്കാനും വാഹനത്തിൽ സൂക്ഷിക്കാനും ബില്ല് വേണോ?




കോവളത്ത് കഴിഞ്ഞ ദിവസം സ്റ്റീഫൻ ആസ്ബെർഗ് എന്ന വിദേശ പൗരൻ കൈവശം വെച്ച, കേരള സർക്കാർ നികുതിയടച്ച മദ്യം ബില്ലില്ല എന്ന കാരണത്താൽ റോഡിൽ ഒഴിച്ച് കളയേണ്ടി വന്നു. ഈ വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ബില്ല് സൂക്ഷിക്കാതിരുന്ന വിദേശ പൗരന്റെ ഭാഗത്താണ് തെറ്റെന്നും, മദ്യം സൂക്ഷിക്കാൻ ബില്ല് വേണമോ വേണ്ടയോ എന്നൊക്കെയുള്ള ധാരാളം ചർച്ചകൾ നടന്നു. യഥാർത്ഥത്തിൽ മദ്യം കൈവശംവയ്ക്കാൻ ബില്ല് ആവശ്യമാണോ? നിയമം എന്താണ് ഇതിനെക്കുറിച്ച് പറയുന്നതെന്ന് പരിശോധിക്കാം. (abkari act explanation kerala)



ദൃശ്യം സിനിമയിൽ ജോർജുകുട്ടി പണവിനിമയം നടത്തുന്ന എല്ലാ ഇടപാടുകളുടെയും ബില്ല് സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്തിനും ബില്ല് സൂക്ഷിക്കാനുള്ള അവകാശം നമുക്കുണ്ട്. മാത്രമല്ല, സൂക്ഷിക്കുന്ന ബില്ല് തെളിഞ്ഞു കാണുന്ന മഷിയോട് കൂടിയതും നിലവാരമുള്ള പേപ്പറിലുമായിരിക്കണം. നാം പണം കൊടുത്ത് സ്വന്തമാക്കിയ ഏതെങ്കിലും വസ്തുവിനോ സേവനത്തിനോ എന്തെങ്കിലും നാശം സഭാവിച്ചാലോ അല്ലെങ്കിൽ കേടുപാടുകൾ പറ്റിയാലോ അതിനുള്ള തുടർസേവങ്ങൾ തേടാൻ ബില്ലുകൾ ആവശ്യമാണ്.


ഇനി മദ്യത്തിന്റെ കാര്യമെടുത്താൽ, സർക്കാർ നൽകുന്ന മദ്യ കുപ്പിയിൽ അതിന്റെ ബാർകോഡും, സെക്യൂരിറ്റി സീരിയൽ നമ്പറുകളുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. മദ്യം മേടിച്ച ഔട്ട്ലെറ്റ് ഏതാണെന്നും ഏത് ബാച്ചിൽ ഉള്ള മദ്യമാണെന്നുമെല്ലാം ഇതിലൂടെ അറിയാൻ സാധിക്കും. അതായത്, ബോട്ടിലുകളിൽ നിന്നു തന്നെ വിൽപ്പന നടത്തിയ ഔട്ട്ലെറ്റിന്റെ ഉൾപ്പെടെ സകല വിവരങ്ങളും നിയമപാലകർക്കോ വ്യക്തികൾക്കോ എളുപ്പത്തിൽ ലഭ്യമാവും. മദ്യത്തിന്റെ വിശദശാംശങ്ങൾ അറിയാൻ ബില്ല് കൈവശം വയ്‌ക്കേണ്ടതില്ലെന്ന് സാരം. മദ്യം അനധികൃതമായി വിൽപ്പന നടത്തുകയോ, അളവിൽ കൂടുതൽ മദ്യം സൂക്ഷിക്കുകയോ, മദ്യപിച്ച് വാഹനമോടിക്കുകയോ, പൊതു ഇടങ്ങളിൽ മദ്യപാനം നടത്തുകയോ ചെയ്‌താൽ അത് നിയമലംഘനമാകുന്ന കുറ്റമാണ്. കൂടാതെ ബില്ലില്ലാതെ കൊണ്ടുവരുന്ന മദ്യം വ്യാജമാണോ എന്ന സംശയം ഉണ്ടായാൽ പരിശോധനക്കായി മദ്യം പിടിച്ചെടുക്കാനും ലാബിൽ അയക്കാനും ഉദ്യോഗസ്ഥർക്ക് കഴിയും. പിടിച്ചെടുത്തത് അനധികൃത മദ്യമാണെന്ന് തെളിഞ്ഞാൽ അബ്കാരി ആക്ട് 55 (എ) പ്രകാരം കേസെടുക്കാം.

എന്താണ് അബ്കാരി ആക്ട്?

1902 ഓഗസ്റ്റ് അഞ്ചിന് കൊച്ചി മഹാരാജാവായ രാമവർമ്മ പതിനഞ്ചാമനാണ് 1077 ൽ അബ്കാരി നിയമം പാസാക്കിയത്. 1967 ൽ ആക്ട് ഓഫ് 967 വഴിയാണ് ഇത് കേരളത്തിനുമുഴുവൻ ബാധകമായത്. 1967 ജൂലായ് 29 നു പ്രസിഡന്റിന്റെ അംഗീകാരവും ലഭിച്ചു. കേരള സംസ്ഥാനത്തിലെ മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും കയറ്റുമതി, ഇറക്കുമതി, ഗതാഗതം, നിർമ്മാണം, വിൽപ്പന, കൈവശം വയ്ക്കൽ തുടങ്ങിയവയെ കുറിച്ചാണ് അബ്കാരി ആക്ട് പറയുന്നത്.

എന്താണ് അബ്കാരി ആക്ട് 55 (i ) ൽ പറയുന്നത്
ഇതിൽ പ്രകാരം ഒരു വ്യക്തി ലൈസൻസ് ഇല്ലാതെ മദ്യം വിൽക്കാൻ ശ്രമിച്ചാൽ അത് ജാമ്യമില്ലാത്ത കുറ്റകൃത്യമായി പരിഗണിക്കും. അതായത്, ഒരാളുടെ കയ്യിൽ കൈവശം വയ്ക്കാവുന്ന മദ്യത്തിന് ഒരു അളവുണ്ട്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മൂന്ന് ലിറ്റർ വരെ സൂക്ഷിക്കാം. വിദേശ നിർമ്മിത വിദേശ മദ്യമാണെങ്കിൽ 2 അര ലിറ്ററും, കള്ള് ഒന്നര ലിറ്ററും ബിയർ വൈൻ ഏഴ് ലിറ്റർ വരെയുമെന്നാണ് കണക്ക്. ഈ കണക്കിൽ കൂടുതൽ വരുന്ന മദ്യം അബ്കാരി ആക്ട് പ്രകാരം അനധികൃതമായി വിൽക്കാൻ ശ്രമിച്ച മദ്യമായി കണക്കാക്കും. പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടതുമായ കുറ്റകൃത്യമാണിത്.

അബ്കാരി ആക്ട് സെക്ഷൻ 15 (സി)
പൊതുസ്ഥലങ്ങളിലെ മദ്യപാനം അബ്കാരി ആക്ട് സെക്ഷൻ 15 (സി) പ്രകാരം കുറ്റകൃത്യമായി പരിഗണിക്കും. പൊതുഗതാതം, ഹോട്ടൽ, ലൈസൻസ് ഇല്ലാത്ത ക്ലബ്ബുകൾ, ബാറുകൾ തുടങ്ങിയവയെല്ലാം ഈ വകുപ്പിന് കീഴിൽ വരും. എന്നാൽ സ്വന്തം വാഹനത്തിൽ ഇരുന്ന് മദ്യപിക്കുന്നത് ഒരു സ്വകാര്യ ഇടമായി പരിഗണിക്കാവുന്നതാണെന്നും പൊതുഇടമല്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു. രണ്ട വർഷം വരെ തടവും 5000 രൂപ പിഴയും കിട്ടുന്ന കുറ്റകൃത്യമാണിത്.

കേരള പൊലീസ് ആക്ട് സെക്ഷൻ 118 (എ)
മദ്യപിച്ച് പൊതുസ്ഥലത്തു നിൽക്കുന്നവരെ കണ്ടാൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമുണ്ടെന്ന് നിഷ്കർഷിക്കുന്ന നിയമമാണിത്. മൂന്ന് വർഷം തടവും 1000 രൂപ പിഴയുമാണ് കേരള പൊലീസ് ആക്ട് സെക്ഷൻ 118 (എ) പ്രകാരമുള്ള ശിക്ഷ.

മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 185
മദ്യപിച്ച് വാഹനമോടിക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 185 നു കീഴിൽ വരും. 10000 രൂപയോളം പിഴയാണ് മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 185 പ്രകാരം കേസ് രെജിസ്റ്റർ ചെയ്‌താൽ ഈടാക്കുന്നത്.

ചുരുക്കം പറഞ്ഞാൽ, സർക്കാർ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യം അനധികൃതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ നിയമം നിഷ്കർഷിക്കുന്ന നിരവധി മാർഗങ്ങളുണ്ട്. മദ്യം കൈവശം വെച്ചിരിക്കുന്നത് വിദേശിയോ സ്വദേശിയെ ആകട്ടെ, മേൽപ്പറഞ്ഞ രീതിയിൽ അതിൽ അനധികൃതമായി ഒന്നുമില്ലെങ്കിൽ ബില്ലില്ല എന്നതിന്റെ പേരിൽ മദ്യം നശിപ്പിക്കാൻ ഒരു ഉദ്യഗസ്ഥർക്കും നിയമം അനുമതി നൽകുന്നില്ല.

No comments