Breaking News

ട്രെയിനിൽ കാഞ്ഞങ്ങാട് സ്വദേശിയെ കൊള്ളയടിച്ചു


കാഞ്ഞങ്ങാട്: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും വരുന്ന  യാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതും യാത്രക്കാരെ കൊള്ളയടിക്കുന്നതും പതിവായി. രാത്രി യാത്രയിൽ യാത്രക്കാർ ഉറങ്ങുന്ന നേരത്തും പുലർച്ചെയുമാണ് ഭൂരിഭാഗം കൊള്ളയും നടത്തുന്നത്.


ട്രെയിനുകളിൽ മതിയായ സുരക്ഷ സംവിധാനമില്ലാത്തതും പോലീസിന്റെ അസാന്നിധ്യവും കൊള്ളക്കാർക്ക് സഹായകരമാവുന്നു. കഴിഞ്ഞ ദിവസം മുംബൈ ഛത്രപതി ശിവജി ടെർമിനലിൽ നിന്ന് മംഗളൂരു ജംഗ്ഷനിലേക്കുള്ള യാത്രയിൽ കാഞ്ഞങ്ങാട് അഷ്റഫ് ഫാബ്രിക്സ് പർച്ചേഴ്സ് മാനേജർ മോഹനൻ കൊള്ളയ്ക്കിരയായി.


മോഹനൻ മംഗളൂരു ജംഗ്ഷനിൽ ഇറങ്ങാൻ  തയ്യാറാവുമ്പോഴേക്കും  കയ്യിലുണ്ടായിരുന്ന ബാഗുകളിൽ  ഒന്ന് നഷ്ടപ്പെട്ടിരുന്നു. മംഗളൂരു ജംഗ്ഷനിൽ ഇറങ്ങിയ ഉടൻ അവിടെയുണ്ടായിരുന്ന പോലീസിനോട് സംഭവം പറയുകയും, മൊഴി നൽകുകയും ചെയ്ത ശേഷമാണ് മോഹനൻ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടത്.


മംഗളൂരുവിലേക്കും കേരളത്തിലേക്കുമുള്ള നിരവധി മലയാളി യാത്രക്കാർ ഇപ്രകാരം കൊള്ള ചെയ്യപ്പെടുന്നുണ്ട്. യാത്ര മുടങ്ങുന്നത് കാരണം പലരും പരാതിപ്പെടാറില്ല.   ദീർഘദൂര ട്രെയിനുകളിൽ മുംബൈക്കും മംഗളൂരുവിനുമിടയിൽ നടക്കുന്ന കൊള്ള തടയാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

No comments