അഞ്ച് നിർധന കുടുംബങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യവുമായി സൈക്കിളിൽ ഭാരത പര്യടനത്തിനിറങ്ങിയ യുവാക്കൾ വെള്ളരിക്കുണ്ടിലുമെത്തി
വെള്ളരിക്കുണ്ട്: വയനാട് അമ്പലവയൽ സ്വദേശികളായ ടി.ആർ റെനീഷും കെ.ജി നിജിനും സൈക്കിളിൽ ഭാരത പര്യടനത്തിലാണ്. പുതുതലമുറയുടെ യാത്രാ ഭ്രമമെന്ന് പറഞ്ഞ് തള്ളിക്കളാൻ വരട്ടെ, ഇവർക്ക് ഈ യാത്ര വെറും തമാശയോ നേരം പോക്കോ അല്ല മറിച്ച് വ്യക്തമായൊരു ലക്ഷ്യമുണ്ട്.ഇവരുടെ കൈകളിൽ ഒരു രൂപ നൽകിയാൽ അഞ്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് വീടൊരുക്കുന്ന പുണ്യകർമ്മത്തിൽ നിങ്ങൾക്കും പങ്കുചേരാം. വയനാട് അമ്പലവയൽ സ്വദേശികളായ ഈ ചെറുപ്പക്കാർ ഒരു രൂപ ചലഞ്ചിലൂടെ മുന്നോട്ടുവയ്‌ക്കുന്നത് പരസഹായത്തിന്റെ പുത്തൻ മോഡൽ. അധ്യാപകനായ നിജിനും മൊബൈൽ ടെക്നീഷ്യനായ റെനീഷും സുഹൃത്തുക്കളും സഞ്ചാരപ്രേമികളുമാണ്. ഒപ്പമുള്ളവർക്ക് അറിവിനൊപ്പം ആശ്വാസവും പകരുകയാണ് ഇവരുടെ ലക്ഷ്യം.
നിർധനരായ അഞ്ച് കുടുംബങ്ങളെ കണ്ടെത്തി വയനാട് ജില്ലയിലാണ് വീട് നിർമിച്ചുനൽകുക. 4 സെന്റ് വീതം സ്ഥലമേറ്റെടുക്കാൻ അഡ്വാൻസ് തുക ഇതിനകം നൽകിക്കഴിഞ്ഞു. ഇന്ത്യ മുഴുവനും സൈക്കിളിൽ കറങ്ങി, ഒരു രൂപ ചലഞ്ച് നടത്തി കിട്ടുന്ന തുക ഉപയോഗിച്ചാണ് വീടുപണി നടത്തുക. ആദ്യഘട്ടത്തിൽ കേരളം മുഴുവനും കറങ്ങും.
ഒരു വർഷത്തേക്ക് ജോലിയിൽനിന്ന് ലീവെടുത്ത് 2021 ഡിസംബറിലാണ് ഇരുവരും യാത്ര ആരംഭിച്ചത്. ദിവസവും സഞ്ചരിക്കുന്ന ദൂരത്തിന് പരിധിയില്ല. യാത്ര എന്നുതീരുമെന്നും ഉറപ്പില്ല. അതുകൊണ്ടുതന്നെ സഹചാരിയായ സൈക്കിളിനൊപ്പം ഗ്യാസ് കുറ്റിയും പാത്രങ്ങളുമടക്കം ഒരു മിനി അടുക്കള തന്നെ കൂടെയുണ്ട്. രാത്രി താമസം പെട്രോൾ പമ്പുകളിൽ ടെന്റ് കെട്ടിയാണ്.
യാത്രയുടെ ഭാഗമായി ഇവർ വെള്ളരിക്കുണ്ടിലുമെത്തി. മലയോരത്ത് ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ചിറ്റാരിക്കാലിലെ വ്യാപാരികൾ ഇവരെ നല്ല രീതിയിൽ സഹായിച്ചിരുന്നു. വെള്ളരിക്കുണ്ട് പോലീസുകാരിൽ നിന്നും ലഭിച്ച സഹകരണം മറക്കാനാവാത്തതാണെന്ന് ഇവർ പറഞ്ഞു. യാത്രയുടെ ഭാഗമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിക്കുക എന്ന ഉദ്ദേശത്തോടെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ എത്തിയ ഇവരുടെ യാത്രാ ലക്ഷ്യം ചോദിച്ച് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ ഇവർക്ക് എല്ലാവിധ പിന്തുണയും അറിയിച്ചതോടൊപ്പം ഭക്ഷണവും നൽകിയാണ് തിരിച്ചയച്ചത്. അടുത്ത ദിവസം പരപ്പ ഒടയഞ്ചാൽ കാഞ്ഞങ്ങാട് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കാസർകോടേക്കും തിരിച്ച് കണ്ണൂർ വഴി കേരളം ചുറ്റിയ ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.
ഒരു രൂപ ചലഞ്ച് ആണെങ്കിലും നാട്ടുകാരിൽനിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയുന്നു.

No comments