Breaking News

വയനാട് ലഹരി പാർട്ടി : കിർമാണി എത്തിയത് ഗുണ്ടാനേതാവിൻ്റെ വിവാഹവാർഷികാഘോഷത്തിന്, അതിഥികളെല്ലാം ഗുണ്ടകൾ




വയനാട്: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാം പ്രതി കി‍ർമാണി മനോജടക്കമുള്ളവ‍ർ (Kirmani Manoj) ലഹരി പാർട്ടി (Drug Party) നടന്ന റിസോർട്ടിൽ ഒത്തുചേർന്നത് മറ്റൊരു ​ഗുണ്ടയുടെ വിവാഹവാ‍ർഷികം ആഘോഷിക്കാൻ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണ്ടാസംഘങ്ങൾ പരിപാടിക്കായി റിസോർട്ടിൽ ഒത്തുകൂടിയെന്നാണ് സൂചന.

കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷത്തിനായാണ് ഇപ്പോൾ പൊലീസ് പിടിയിലായ 16 പേർ അടക്കമുള്ളവർ വയനാട് പടിഞ്ഞാറത്തറയിലുള്ള സിൽവർവുഡ്സ് എന്ന സ്വകാര്യ റിസോർട്ടിൽ ഒത്തുകൂടിയത്. ​എന്നാൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമടക്കമുള്ളവ ഉപയോ​ഗിച്ചായിരുന്നു ​ഗുണ്ടകളുടെ ആഘോഷം.

കമ്പളക്കാട് മുഹ്സിൻ ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് വർഷം മുൻപ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം റാഞ്ചിയ കേസിലെ പ്രതിയാണ് ഇയാൾ. മുഹ്സിനെതിരെ വയനാട്ടിലും മൂന്ന് കേസുകളുണ്ട്. റിസോർട്ടിലെ ആഘോഷത്തിലേക്ക് വിവിധ ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളെ ക്ഷണിച്ചിരുന്നു. ഇങ്ങനെയാണ് കിർമാണി മനോജും ഇവിടേക്ക് എത്തിയത് എന്നാണ് സൂചന.

അതേസമയം ലഹരിമരുന്ന് പാർട്ടി നടക്കുന്നതായി അറിഞ്ഞില്ലെന്നാണ് റിസോർട്ട് മാനേജ്മെൻ്റ് അറിയിക്കുന്നത്. കമ്പളക്കാട് മുഹ്സിനാണ് വിവാഹ വാർഷിക ആഘോഷത്തിന് എന്ന പേരിൽ റിസോർട്ട് ബുക്ക് ചെയ്തതെന്നും അതിഥികളായി എത്തിയവരിൽ കിർമാണി മനോജടക്കമുള്ള ക്വട്ടേഷൻ സംഘം ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും നൂറോളം പേർ പരിപാടിക്ക് എത്തിയിരുന്നുവെന്നും റിസോർട്ട് മാനേജർ  പറഞ്ഞു.

ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. കേസിൽ 16 പേരെ പ്രതി ചേർക്കും എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. രാവിലെ പത്ത് മണിയോടെ ഡോഗ് സ്ക്വാഡ് അടക്കം വിപുലമായ സന്നാഹത്തോടെ എത്തി പൊലീസ് റിസോർട്ടിൽ വീണ്ടും തെരച്ചിൽ നടത്തുകയാണ്. ആഘോഷത്തിനായി 16 മുറികളാണ് മുഹ്സിൻ ബുക്ക് ചെയ്തത് എന്നാണ് റിസോർട്ട് അധികൃതർ നൽകുന്ന വിവരം.

No comments