Breaking News

സെക്രട്ടറിയെ ഭീഷണിപ്പെടുത്തി കൃത്യനിർവ്വഹണം തടസപ്പെടുത്തിയതായി പരാതി ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം,  പഞ്ചായത്ത് അംഗം കെ.ആർ വിനു, കണ്ടാലറിയുന്ന രണ്ട് പേർ ഉൾപ്പടെ നാല് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. പഞ്ചായത്ത് സെക്രട്ടറി മിഥുൻ കൈലാസ് വെള്ളരിക്കുണ്ട് സ്റ്റേഷനിലേക്ക് ഇമെയിൽ വഴി അയച്ച പരാതിയിലാണ് കേസെടുത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ ക്രമക്കേട് ഉള്ളതിനാൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് സെക്രട്ടറിയുടെ പരാതി. വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

എന്നാൽ പ്രസിഡണ്ട് എന്ന നിലയ്ക്ക് ചില പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ മാത്രമാണ് സെക്രട്ടറിയുടെ അടുത്ത് പോയതെന്നും,  ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന സെക്രട്ടറി തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി പരാതി നൽകുകയാണ് ഉണ്ടായതെന്നും പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു. സംഭവത്തിൻ്റെ നിജസ്ഥിതി അറിയിക്കാൻ വിശദമായ പത്രസമ്മേളനം നടത്താൻ ഒരുങ്ങുകയാണ് പ്രസിഡണ്ട്.

No comments