Breaking News

‘ഞാൻ മരിച്ചാൽ കൊണ്ടുപോകാൻ ഇക്ക ഉണ്ടല്ലോ?; പ്രവാസികളുടെ ഉള്ളുലക്കുന്ന കുറിപ്പ്


കൊതിച്ചതൊക്കെ നേടാനാണ് ഗൾഫ് രാജ്യങ്ങളിലേക്ക് പലരും പറക്കുന്നത്. ഉറ്റവർ അന്തസോടെ ജീവിക്കണം, അവർക്കു ഒന്നിനും കുറവ് വരരുത്... ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ പണിയെടുക്കുമ്പോൾ മനസ് നിറയെ ഈ ഒറ്റ ചിന്ത മാത്രം. നാട്ടിൽ തന്നെ കാത്തിരിക്കുന്നവരുടെ ഓർമകൾ മാത്രം മതി, മനസ് തണുക്കാൻ. എന്നാൽ സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള യാത്രയിൽ ചിറകറ്റു വീഴുന്നവർ നിരവധിയാണ്. തീരാവേദന നൽകി കടന്നു പോകുന്നവർ.

'ഞാനൊക്കെ മരിച്ചാല്‍ കൊണ്ടുപോകാന്‍ ഇക്ക ഉണ്ടാകുമല്ലോ' എന്നു ചോദിച്ച യുവാവിന്റെ മൃതദേഹം കയറ്റി അയക്കേണ്ടി വന്ന അനുഭവം അഷ്റഫ് താമരശ്ശേരി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് കണ്ണീരോടെയേ വായിക്കാനാകൂ.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് 5 മലയാളികളുടെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഒരു സുഹൃത്തിന്‍റെ മരണം നിറ കണ്ണുകളോടെയല്ലാതെ വിവരിക്കാന്‍ കഴിയില്ല......

 ഷാര്‍ജയില്‍ നിന്നും മൃതദേഹങ്ങള്‍ അയക്കുമ്പോള്‍ വിമാനത്താവളത്തിലുള്ള പൊലീസ് ഐഡ് പോസ്റ്റില്‍ നിന്നും രേഖകള്‍ സീല്‍ ചെയ്ത് വാങ്ങിക്കേണ്ടതുണ്ട്. ഇതിനായി ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഞാന്‍ അവിടെ കയറി ഇറങ്ങാറുണ്ട്‌. ഇതിനിടയില്‍ കണ്ടു മുട്ടാറുള്ള മലയാളിയായ ഒരു സെക്യുരിറ്റിക്കാരന്‍ എന്നോട് സൗഹൃദം കാണിച്ച് പലപ്പോഴും നമ്പര്‍ ചോദിക്കാറുണ്ട്. തിരക്കിനിടയില്‍  നമ്പര്‍ നല്‍കാന്‍ മറന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പട്ടാമ്പിക്കാരന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അവിടെ പോയി തിരക്കില്‍ ഇറങ്ങി വരികയായിരുന്നു ഞാന്‍. അപ്പോഴും ഈ സുഹൃത്ത് മുന്നില്‍ വന്നു പെട്ടു. കയ്യില്‍ ഒരു കേക്കിന്‍റെ കഷ്ണവും കരുതിയിട്ടുണ്ട്. അത് തന്ന ശേഷം എന്നോട് ഒരു കാര്യം പറഞ്ഞു. " ഇക്കയുടെ നമ്പര്‍ ഞാന്‍ വേറെ ആളില്‍ നിന്നും സംഘടിപ്പിച്ചു. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാമല്ലോ എന്ന് കരുതിയാണ്. ഞാനൊക്കെ മരിച്ചാല്‍ കൊണ്ട് പോകാന്‍ ഇക്ക ഉണ്ടാകുമല്ലോ ". ഞാന്‍ ആ കേക്ക് തിന്നുന്ന സമയത്തിനുള്ളില്‍ അദ്ദേഹം ഇത്രയും പറഞ്ഞു വെച്ചു. " ഒഴിവ് ദിനങ്ങളായ ശനിയും ഞായറും അല്ലാത്ത ദിവസം മരിച്ചാല്‍ മതി ". എന്ന് ഞാന്‍ തമാശയായി മറുപടിയും പറഞ്ഞു. അത് കേട്ട് ഞങ്ങള്‍ പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്. ഓട്ടപ്പാച്ചിലിനിടയില്‍ ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാല്‍ അദ്ദേഹം സ്നേഹത്തോടെ തന്ന കേക്കിന്‍ കഷ്ണത്തിന് എന്‍റെ വിശപ്പിനെ തെല്ലൊന്ന് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ദിനംപ്രതി നിരവധി പേര്‍ മരിച്ച വിവരം പറഞ്ഞു എന്നെ വിളിക്കാറുണ്ട്. ഇന്നലെ വന്ന വിളി കേട്ട് പതിവില്ലാതെ ഞാനൊന്ന് ഞെട്ടിപ്പോയി. കാസര്‍കോട് മധൂര്‍ കൂടല്‍ ആര്‍.ഡി നഗര്‍ ഗുവത്തടുക്ക ഹൗസിലെ എം.കെ ചന്ദ്രന്റേയും സാവിത്രിയുടേയും മകന്‍ സച്ചിന്‍ എം.സി (24) ,  വിമാനത്താവളത്തിലെ സെക്യുരിറ്റി ജീവനക്കാരനായ ആ പ്രിയ സുഹൃത്തിന്‍റെ മരണ വാര്‍ത്തയുമായിട്ടായിരുന്നു ആ ഫോണ്‍ കോള്‍. മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു. ഇത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. എപ്പോഴാണ് അവസാന ശ്വാസം മുകളിലെക്കെടുത്ത് പുറത്തേക്ക് വിടാന്‍ കഴിയാതെ നിശ്ചലമായി പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല...... 
വിടപറഞ്ഞ പ്രിയ സുഹൃത്തിന് നിത്യശാന്തി നേരുന്നു.....
Ashraf Thamarasery

No comments