Breaking News

ഓട്ടോ ഡ്രൈവർ വിളിച്ച് പരാതി പറഞ്ഞു, മന്ത്രി നടപടിയെടുത്തു അപകടാവസ്ഥയിലായ ചെറുപുഴ പാലത്തിൻ്റെ കൈവരി നന്നാക്കാൻ നടപടി തുടങ്ങി


ചെറുപുഴ: തേജസ്വിനി പുഴയിൽ ചെറുപുഴയിലെ പാലത്തിന്റെ കൈവരി തകർന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. നിരവധി പരാധികൾ നൽകിയെങ്കിലും നടപടി എടുക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനിടെ ഇവിടെ പുളിങ്ങോം സ്വദേശിയാ നിധിൻ എന്നയാൾ ബൈക്ക് അപകടത്തിൽ പെട്ട് ജനുവരി 31ന് മരണപ്പെട്ടിരുന്നു. ഈ സംഭവം നടന്ന അന്ന് തന്നെ നിധിന്റെ സുഹൃത്തായ പെരിങ്ങോം മടക്കാംപൊയിൽ സ്വദേശിയാ ഓട്ടോറിക്ഷ ഡ്രൈവർ ബിജോ ചിറ്റാട്ടിൽ നേരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ വിളിച്ച് പരാതി പറഞ്ഞു. അടുത്ത നിമിഷം തന്നെ പ്രശ്നപരിഹാരത്ത് മന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം ഫെബ്രുവരി ഒന്നിന് തന്നെ കാസർകോട് പൊതുമരാമത്ത് ഓഫീസ് (ബ്രിഡ്ജ്) വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും നടപടി തുടങ്ങുകയും ചെയ്തു. എടുത്ത നടപടികളും ഓഫീസിൽ നിന്ന് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്തു.  പാലത്തിൻ്റെ തുടക്ക ഭാഗത്തുള്ള കൈവരി വാഹനമിടിച്ച് റോഡിലേക്ക് തൂങ്ങി നില്ക്കുന്നതാണ് അപകടം ഉണ്ടാകാൻ കാരണം.ഇതുമൂലം ചെറുപുഴ ഭാഗത്ത് നിന്നും ചിറ്റാരിക്കാൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറുവാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു. മലയോര ഹൈവേയുടെ ഭാഗമാണ് ഇപ്പോൾ പാലം. പഴയ റോഡിന് അനുസരിച്ചായിരുന്നു പാലത്തിൻ്റെ കൈവരി നിർമ്മിച്ചിരുന്നത്. ഇപ്പോൾ മലയോര ഹൈവേ വീതികൂട്ടി നിർമ്മിച്ചതോടെ പാലത്തിന്റെ കൈവരി റോഡിലേക്ക് കയറിയ നിലയിലായി.അതാണ് വാഹനം ഇടിച്ച് തകരാൻ കാരണം. രാത്രിയിൽ വരുന്ന വാഹനങ്ങൾ അതിൽ തട്ടുന്നതും പതിവായിരുന്നു. ബിജോയുടെ പരാതിയെ തുടർന്ന് തകർന്ന കൈവരി അധികൃതർ പൊളിച്ചു മാറ്റി. ഇവിടെ ഇരുമ്പ് കൈവരി സ്ഥാപിച്ച് ഗതാഗതം സുഗമമാക്കി അപകടാവസ്ഥ ഒഴിവാക്കാനുള്ള പ്രവർത്തനം തുടങ്ങി.

No comments