Breaking News

മകന്റെ വിവാഹത്തലേന്ന് വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീട് വെക്കാൻ സ്ഥലം നൽകി ഓട്ടോ ഡ്രൈവർ


മകന്റെ വിവാഹത്തലേന്ന് വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടു വെക്കാൻ സ്ഥലം നൽകി ഓട്ടോ ഡ്രൈവർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡിൽ വൈഎം ഷുക്കൂർ ആണ് തന്റെ 13 സെന്റ് ഭൂമിയിൽ നിന്നും മൂന്ന് സെന്റ് ഭൂമി അയൽവീട്ടിൽ വാടകയ്ക്ക് കഴിയുന്ന നിർധന കുടുംബത്തിന് നൽകിയത്. ക്യാൻസർ ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധമാതാവും മകൾക്കുമാണ് ഷുക്കൂർ സ്ഥലം നൽകിയത്. നാളെയാണ് ഷുക്കൂറിന്റെ മകൻ ഷഫീഖിന്റെ വിവാഹം.

ആർഭാടമില്ലാതെ കമ്പി വളപ്പിലെ മസ്ജിദിലാണ് മിന്നുകെട്ട്. ചികിത്സ നടത്തി കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഒരു വർഷമായി ഷുക്കൂറിന്റെ അയൽ വീട്ടിലാണ് താമസിക്കുന്നത്. ഇവരുടെ ബന്ധുവാണ് വാടക നൽകുന്നത്. ഷുക്കൂറാണ് ഇവരുടെ മരുന്നും വീട്ടുചെലവുകളും നൽകുന്നത്. ചില കാരുണ്യമനസുകളുടെ സഹായവും ലഭിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഷുക്കൂറും പ്രതിസന്ധിയിലാണ്. ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങി ഓട്ടോ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഷുക്കൂർ. ഇതിനിടയിലാണ് സെന്റിന് രണ്ടര ലക്ഷം രൂപ വരുന്ന സ്ഥലം ഷൂക്കൂർ സൗജന്യമായി നൽകുന്നത്. എല്ലാവരുടെയും സഹായത്താൽ ഇവർക്ക് വീട് വെച്ച് നൽകാനാവുമെന്ന പ്രതീക്ഷയിലാണ് ഷുക്കൂർ. കക്കാഴം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.


No comments