Breaking News

ദിശ രണ്ടാംഘട്ട യോഗം ചേര്‍ന്നു തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 101 ശതമാനം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി

കാസർകോട്: വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി  (ഡിഡിഎംസി-ദിശ) യുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പദ്ധതികള്‍ സംബന്ധിച്ച ആമുഖ വിവരണം നല്‍കി. പ്രോജക്ട് ഡയറക്ടര്‍ (പിഎയു) കെ പ്രദീപന്‍ സ്വാഗതവും അസിസ്റ്റന്റ് സെറി കള്‍ച്ചര്‍ ഓഫീസര്‍ കെ വി മുഹമ്മദ് മദനി  നന്ദിയും പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റ് പ്രകാരം 2021-22 വര്‍ഷത്തില്‍ ആകെ സൃഷ്ടിക്കേണ്ട 41,49506 തൊഴില്‍ ദിനത്തില്‍ 41,58606  തൊഴില്‍ ദിനങ്ങള്‍ ഇതിനോടകം ജില്ലയില്‍ പൂര്‍ത്തികരിച്ചു. സംരംഭകര്‍ക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന വര്‍ക്ക്ഷെഡ് നിര്‍മിച്ച് നല്‍കുന്ന പദ്ധതി സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് കുടുംബശ്രീ പട്ടിക തയ്യാറാക്കി നല്‍കുന്നവര്‍ക്ക് ലഭ്യമാക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. സ്വന്തമായി കെട്ടിടമില്ലാത്ത അംഗണവാടികള്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന കെട്ടിടം നിര്‍മിച്ച് നല്‍കും. ഇതിനായി ഐസിഡിഎസ് ബന്ധപ്പെട്ട ബിഡിഒ യുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ (എംജിഎന്‍ആര്‍ഇജിഎസ്) വ്യക്തിഗത ആസ്തികള്‍ ധാരാളം നിര്‍മിക്കുന്നതിനായി ജില്ലയില്‍ കായികബലമുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി പരിശീലനം നല്‍കിയത് ശ്രദ്ധയമാണെന്ന് യോഗം വിലയിരുത്തി.ഒരു കോടി വൃക്ഷത്തൈകള്‍ നടുന്ന സര്‍ക്കാറിന്റെ പദ്ധതിയനുസരിച്ച് 2.06 ലക്ഷം വൃക്ഷത്തൈകള്‍ സാമൂഹ്യ വനവല്‍കരണവിഭാഗം , കൃഷി വകുപ്പ് തൊഴിലുറപ്പ് നഴ്സറികള്‍ എന്നിവ സംയുക്തമായി നട്ട് പരിപാലിക്കുന്നുണ്ട്. 2020-21 വര്‍ഷത്തില്‍ മഹാതാമാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് മഹാത്മാ അവാര്‍ഡ് നേടിയ പനത്തടി പഞ്ചായത്തിനുള്ള ഉപഹാരം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നല്‍കി.

പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ) പ്രകാരം ഏറ്റെടുത്ത പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത മുണ്ടോട്ട് - തോട്ടിനാട്- അരയങ്ങാനം റോഡ്, കനിയാംതോള്‍- ചെമ്മന്‍ചേരി-ചള്ളുവക്കോട് റോഡുകളുടെ കാര്യത്തില്‍ കോണ്‍ട്രാക്ടരുടെ വീഴ്ചയാണെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പ്രകാരം സെക്ക് ലിസ്റ്റില്‍ ( സോഷ്യോ ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് ലിസ്റ്റ്) നിന്ന് 1050 ഭവനങ്ങള്‍ അനുവദിക്കുന്നതദിന് ലക്ഷ്യമിട്ട് 848 ഭവനങ്ങള്‍അനുവദിച്ചതില്‍ 678 ഭവനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി.

കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഓരോ പദ്ധതിക്കും പ്രത്യേക ദിവസങ്ങളിലായി അവലോകനം നടത്തുന്ന കാര്യം ആലോചിക്കാന്‍ യോഗത്തില്‍ എം.പി നിര്‍ദേശം നല്‍കി.          

യോഗത്തില്‍ ജില്ലാതല ഓഫീസര്‍മാര്‍ , പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, മഞ്ചേശ്വരം ബ്ലോക്ക് പ്ഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ,  നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത, ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

No comments