Breaking News

വാട്ട് എ കപ്പ..! ഒത്തുകൂടലിന്റെ കാർഷികോത്സവമായി മലയോരത്ത് കപ്പവാട്ടൽ സജീവമാകുന്നു


വെള്ളരിക്കുണ്ട്: (www.malayoramflash.com) കോവിഡ് കാലത്ത് മലയോര കർഷകർ നട്ടുനനച്ച് വളർത്തിയ കപ്പ (മരച്ചീനി) വിളവെടുപ്പ് കാലമാണിപ്പോൾ. പച്ചക്കപ്പക്ക് വിലയിടിഞ്ഞതിനാൽ കപ്പ വാട്ടി സൂക്ഷിക്കുകയാണ്. പറിച്ചുവിറ്റാൽ കൂലിച്ചെലവുപോലും കിട്ടില്ലെന്ന സ്ഥിതിയാണ്. പണ്ടുകാലം മുതൽ എല്ലാവരും ഒത്തുകൂടുന്ന നാടിന്റെ ഒരു കാർഷികോത്സവം കൂടിയാണിത്. ഉപജീവനവും ആഘോഷവും തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയോര കർഷകർ. ചെറുപ്പകാലത്ത് ബന്ധുക്കളും അയൽപക്കക്കാരും ഒക്കെ ഒത്തുകൂടി കപ്പ വാട്ടൽ ഉത്സവമാക്കി മാറ്റിയ കാലമുണ്ടായിരുന്നു.

കൃഷിയോടൊപ്പം ആഘോഷമായ മലയോരത്തിൻ ഒരുകാലത്തെ കൂട്ടായ്മ കൂടിയാണ് കപ്പവാട്ടൽ. ക്വിൻറൽ കണക്കിന് കപ്പ് വാട്ടി പട്ടിണിക്കാലത്തേക്ക് സൂക്ഷിക്കുന്ന കുടുംബങ്ങൾ മലയോരത്തിന്റെ നിത്യസാന്നിധ്യമായിരുന്നു. എന്നാൽ, ക്രമേണ കപ്പ വാട്ടൽ ഓർമ മാത്രമായി. ഉപജീവനത്തിനപ്പുറം സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ഒത്തുകൂടലിൻറ ആഘോഷമായിരുന്നു കപ്പ വാട്ടൽ. എങ്കിലും കോവിഡ് കാലത്തെ ലോക്ഡൗൺ കാലം ഈ കാർഷിക വൃത്തിയെയും ആഘോഷങ്ങളെയും തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ കപ്പകൃഷിയിലുണ്ടായ ഉണർവ് കടകളിൽ കപ്പ ധാരാളമായി എത്തിക്കുന്നതിന് കാരണമായി. അതോടൊപ്പം ആഘോഷമായി കപ്പ വാട്ടലും തിരിച്ചെത്തി. ഉണക്കി സൂക്ഷിച്ചാൽ സ്വന്തം ഉപയോഗം കഴിഞ്ഞുള്ളത് സീസൺ കഴിയുമ്പോൾ കൂടിയ വിലക്ക് വിൽക്കാൻ കഴിയും. അയൽക്കാർ പരസ്പരം സഹകരിച്ചാണ് കപ്പ സംസ്കരണ പരിപാടി നടത്തുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ പങ്കാളികളാകും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കപ്പ വാട്ടൽ കാലം. കർണാടകയിലെകുടക് മേഖലയിൽ വ്യാപകമായി കപ്പ കൃഷി നടത്തിയിരുന്നു. വിലയിടിഞ്ഞതിനാൽ കർഷകർ ഇവ കൈയൊഴിഞ്ഞു. കുടിയേറ്റ കർഷകരാണ് കൂടുതലായും കപ്പ വാട്ടൽ ചെയ്തിരുന്നത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെയായി വലിയൊരു ആഘോഷമായി നടത്തുന്നതിനാൽ കപ്പ വാട്ടൽ കല്യാണം എന്നും അറിയപ്പെടുന്നു.


- ചന്ദ്രു വെള്ളരിക്കുണ്ട്

No comments