Breaking News

നിയന്ത്രണങ്ങൾ തുടരും, നാളെ അവശ്യസർവീസുകൾക്ക് മാത്രം പ്രവർത്തനാനുമതി ഞായർ നിയന്ത്രണങ്ങളും ഇളവുകളും അറിയാം


തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി. കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെ എത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി ഉള്‍പ്പെടുത്തി ഉത്തരവായിട്ടുണ്ട്.ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്നും നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതിയെന്നും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ ഉത്തരവില്‍ പറയുന്നു.


തിങ്കളാഴ്ച മുതല്‍ 10,11,12 ക്ലാസുകളും ബിരുദ, ബിരുദാനന്തര ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കും. ഫെബ്രുവരി 14 മുതല്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍, ക്രഷ്, കിന്റര്‍ ഗാര്‍ട്ടന്‍ എന്നിവയും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കും.


ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. നാളെ 20 പേരെ ഉള്‍പ്പെടുത്തിയുള്ള ആരാധന അനുവദിക്കും. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് ചടങ്ങുകള്‍ക്കായി പ്രവേശനാനുമതി ഉണ്ട്. പൊങ്കാല വീടുകളില്‍ മാത്രമായിരിക്കും.


രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക മതസാമുദായികപരമായ പൊതുപരിപാടികള്‍ ഉള്‍പ്പടെയുള്ള യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി തുടരും. സിനിമാ തിയേറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍, ജിമ്മുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.


ഞായര്‍ നിയന്ത്രണങ്ങളും ഇളവുകളും


കൊവിഡുമായി ബന്ധപ്പെട്ട് അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ വകുപ്പ് തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാത്രക്കായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരുതണം.


അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട കമ്ബനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ , മറ്റ് സ്ഥാപനങ്ങള്‍ എന്നിവ 24*7 സമയക്രമത്തില്‍ പ്രവര്‍ത്തിക്കാവുന്നതും ജീവനക്കാര്‍ക്ക് യാത്രക്കായി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതുമാണ്. ഐ.ടി മേഖലകള്‍ അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം.


രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവര്‍ക്ക് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളിലേക്കും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും. ദീര്‍ഘ ദൂര ബസ് യാത്രകള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം.


പഴം, പച്ചക്കറി, പാല്‍, മത്സ്യമാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്ററന്റുകളും ബേക്കറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം.


കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടും 20 പേരായി പരിമിതപ്പെടുത്തിക്കൊണ്ടും വിവാഹ, മരണാനന്തര ചടങ്ങുകള്‍ അനുവദിക്കും.ഹോം ഡെലിവറി ചെയ്യുന്ന ഇകൊമേഴ്‌സ്, കൊറിയര്‍ സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാം.


മുന്‍കൂര്‍ ബുക്ക് ചെയ്ത സ്റ്റേ വൗച്ചറുകള്‍ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടല്‍, റിസോര്‍ട്ട് എന്നിവിടങ്ങളില്‍ താമസിക്കാവുന്നതുമാണ്. സി.എന്‍.ജി, ഐ.എന്‍.ജി, എല്‍.പി.ജി എന്നിവയുടെ വിതരണം അനുവദിക്കും.


മത്സരപരീക്ഷകള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ് എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്ഥര്‍ക്കും യാത്ര അനുവദിക്കും.ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, നഴ്‌സിംഗ് ഹോമുകള്‍, ആംബുലന്‍സുകള്‍ അനുബന്ധ സേവനങ്ങള്‍, ജീവനക്കാരുടെ യാത്രകള്‍ എന്നിവ അനുവദിക്കും.


ടോള്‍ ബൂത്തുകള്‍ പ്രവര്‍ത്തിപ്പിക്കാം. പ്രിന്റ്, ഇലക്‌ട്രോണിക്, വിഷ്വല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കുള്ള വര്‍ക്ക് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

No comments