ബളാൽ ടൗണിലെ മഴക്കാല ദുരിതം: പഞ്ചായത്ത് പ്രസിഡണ്ടിന് വ്യാപാരികൾ നിവേദനം നൽകി
വെള്ളരിക്കുണ്ട് : വേനൽ മഴപെയ്തപ്പോൾ ഉണ്ടായ ദുരിതം ഇനിയും തുടരാതിരിക്കാൻ ബളാലിലെ വ്യാപാരികൾ ഒത്തുചേർന്ന് പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി. ഒരൊറ്റ മഴയിൽ ബളാൽ ടൗണിൽ വെള്ളപ്പൊക്കവും ചെളിക്കുളവുമാകുന്ന ദുരിതക്കാഴ്ച്ചകൾ മലയോരംഫ്ലാഷ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇനി മഴക്കാലമായാൽ ദുരിതം ഇരട്ടിയാകും.
മഴക്കാലമാകുമ്പോൾ ബളാലിലെ വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ടൗണിൽ കൂടിയുള്ള ഓവുചാലിൽ കല്ലും മണ്ണും നിറഞ്ഞതിനാൽ മഴ വെള്ളം മുഴുവൻ റോഡിലൂടെ കുത്തിയൊലിച്ച് പോവുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കയറി ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്.
കുടിവെള്ള പദ്ധതിക്ക് സ്ഥാപിച്ച പൈപ്പിന്റെ മുകളിൽ ഇട്ട മണ്ണ് ഒലിച്ചു വന്ന് വ്യാപാര സ്ഥാപനങ്ങളുടെ അകത്തും റോഡിലും നിറഞ്ഞു ചളിക്കുളമായി മാറി. കാൽനട യാത്ര പോലും ദുസഹമായി മാറുന്ന അവസ്ഥയായിരുന്നു ബളാലിൽ.
നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന റോഡിൽ മഴവെള്ളവും ചെളിയും നിറഞ്ഞ് അപകടം വിളിച്ചു വരുത്തുന്നു. ബളാൽ ടൗൺ ഉൾപ്പെടെഉള്ള സ്ഥലങ്ങളിൽ വഴിവിളക്കുകൾ പ്രകാശിക്കാത്തത്തും നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി ബളാൽ യൂണിറ്റ് സെക്രട്ടറി ബഷീർ എൽ കെ, യൂണിറ്റ് ട്രഷറർ ജോസഫ് അബ്രഹാം വൈസ് പ്രസിഡന്റ് വേണു പി എൻ ജോയിന്റ് സെക്രട്ടറിമാരായ ബഷീർ സി എം. പ്രസാദ്കുമാർ സി
ജോർജ് തോമസ് പുതിയടം, റഹ്മാൻ എന്നിവരാണ് ഈ വിഷയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം മുൻപാകെ നിവേദനം സമർപ്പിച്ചിരിക്കുന്നത്.
നിവേദനം പരിഗണിച്ച് ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യാപാരി നേതാക്കൾക്ക് ഉറപ്പ് നൽകി
No comments