Breaking News

കളിക്കളത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി വെള്ളരിക്കുണ്ടിലെ വോളിബോൾ താരം നജ്മുദ്ദീൻ ഇനി തീവ്രപരിശീലനത്തിൻ്റെ നാളുകൾ


വെള്ളരിക്കുണ്ട്: (www.malayoramflash.com)രോഗം സമ്മാനിച്ച പരീക്ഷണ നാളുകൾ താണ്ടി ജീവിതത്തിലേക്ക് തിരിച്ചു കയറുന്ന വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ നജ്മുദ്ദീൻ എന്ന വോളിബോൾ താരം കളിക്കളത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ്. നജ്മുദ്ദീൻ കളിക്കളത്തിൽ നിറഞ്ഞാടുന്നത് കാണാൻ വോളിബോൾ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രോഗം തളർത്തിയപ്പോഴും നാട് ഒന്നാകെ കൈകോർത്ത് നജ്മുവിന് കൈത്താങ്ങായി മാറി. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് സുമനസുകളോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് നജ്മുദ്ദീൻ.

തിരിച്ച് വരവ് കൂടുതൽ ശക്തമായി തന്നെ വേണം എന്ന നിർബന്ധം ഈ സമ്പൂർണ്ണ വോളിബോൾ കളിക്കാരനുണ്ട് അതുകൊണ്ട് തന്നെ ഇനിയുള്ള നാളുകൾ തീവ്രപരിശീലനത്തിനായി മാറ്റി വയ്ക്കുകയാണെന്ന് നജ്മുദ്ദീൻ മലയോരം ഫ്ലാഷിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സംസ്ഥാന ജൂനിയർ ടീം അംഗമായിരുന്ന നജ്മുദ്ദീൻ നിരവധി ദേശീയ-അന്തർ ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്. യുഎഇയിലെ അൽ ജസീറ ക്ലബ്ബിന് വേണ്ടി കളിച്ചു കൊണ്ടിരിക്കെയാണ് രോഗബാധിതനായത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ ഒരു വർഷം പിന്നിട്ടെങ്കിലും ഡോക്ടർമാർ പറഞ്ഞ ആരോഗ്യ പരിപാലനം കൃത്യമായി കൊണ്ടു നടക്കുകയാണ് നജ്മു. അതോടൊപ്പം മസിലുകൾ ഉറപ്പിക്കാനും, ശരീരത്തിൻ്റെ ഫിറ്റ്നസ് നിലനിർത്താനുമായി നിരന്തരം പരിശീലനത്തിലാണ് ഈ കഠിനാധ്വാനിയായ കളിക്കാരൻ. ജില്ലയിൽ വോളിബോൾ മത്സരങ്ങൾ നടക്കുമ്പോൾ സംഘാടകർ നജുമുദ്ദീനെ ആദരിക്കുന്നുണ്ട്.

 കളിക്കളത്തിലെ ആരവങ്ങൾക്കിടയിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കാൻ വരും നാളുകളിൽ സാധിക്കുമെന്ന ആത്മവിശ്വാസം നജ്മുവിനെപ്പോലെ തന്നെ ആരാധകർക്കുമുണ്ട്. അതോടൊപ്പം പുതിയ തലമുറയിലെ വോളിബോളിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് കൂടുതൽ മികച്ച പരിശീലനം നൽകി ഈ രംഗത്ത് ഉന്നതങ്ങളിലേക്ക് എത്തിക്കാൻ മികച്ച നിലവാരത്തിലുള്ള ഒരു വോളിബോൾ കോച്ചിംഗ് സെൻ്റർ എന്ന ആശയവും നജ്മുവിൻ്റെ മനസിലുണ്ട്.

- ചന്ദ്രു വെള്ളരിക്കുണ്ട്

No comments