ബിവറേജിൽ മോഷണം ; 27000 രൂപ മാത്രം പോര; 26 കുപ്പി മദ്യവും സിസിടിവിയും കൊണ്ടുപോയി
തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. മദ്യ കുപ്പികള്‍ക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാര്‍ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്‌കോയുടെ കണക്ക്. മദ്യത്തിന് പുറമേ 27000 രൂപയും സിസിടിവി ക്യാമറയുടെ ഡിവിടിയും മോഷണം പോയിട്ടുണ്ട്. കെട്ടിടത്തിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു മോഷണം. രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരമറിയുന്നത്. ഷോപ്പ് ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ക്യാമറയുടെ പ്രധാന ഭാഗം മോഷണം പോയത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ലാത്തതും കള്ളന്‍മാര്‍ക്ക് എളുപ്പമായി. വലിയ വാഹനത്തിരക്കുള്ള വിഴിഞ്ഞം - കളിയിക്കാവിള റോഡിന് ചേര്‍ന്നാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നതെങ്കിലും മുന്‍വശം തകരഷീറ്റ് കൊണ്ട് മറച്ചിരുന്നതിനാല്‍ മോഷണം പുറത്തു നിന്നുള്ളവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. വിരലടയാള വിദഗ്ദര്‍ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

No comments