ഏപ്രിൽ ഒന്ന് ; ഇന്ന് മുതൽ വിലക്കയറ്റത്തിന്റെ ദിനം, മരുന്നുകൾ മുതൽ ടോൾ വരെ കൂടും
കൊച്ചി: എപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സമസ്ത മേഖലയിലും ചെലവ് കൂടും. കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. വാഹന രജിസ്‌ട്രേഷന്‍ നിരക്കും വര്‍ധിക്കും. ഡീസല്‍ കാറുകള്‍ക്ക് 10 ശതമാനം ഹരിത നികുതിയാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ടിവരിക. ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനമാണ് നികുതി.
മരുന്നുകളാണ് വില കൂടുന്ന ഉല്‍പന്നങ്ങളുടെ പട്ടികയിലുള്ള മറ്റൊരു വസ്തു. പാരസെറ്റമോള്‍ ഉള്‍പ്പെടെ എണ്ണൂറിലധികം മരുന്നുകളാണ് വില കൂടുന്നവയുടെ പട്ടികയിലുള്ളത്. ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ മിനറല്‍ ടാബ്ലറ്റുകള്‍, പ്രമേഹം എന്നിവയുടെ മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വര്‍ധന അനുസരിച്ച് വകുപ്പ് ഫെയര്‍ സ്റ്റേജ് നിശ്ചയിക്കാന്‍ ഒരാഴ്ച എടുക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ ഇന്ന് പ്രതീക്ഷിച്ചിരുന്ന ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന ഉണ്ടാവില്ല. എന്നാല്‍ വിവിധ റോഡുകളില്‍ ടോള്‍ നിരക്ക് ഇന്ന് മുതല്‍ വര്‍ധിക്കും. പത്ത് ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധനയാണ് ഉണ്ടാവുക. പാലക്കാട് ദേശീയ പാതയില്‍ പന്നിയങ്കരയില്‍ കാറിനുണ്ടായിരുന്ന ടോള്‍ നിരക്ക് 135 ല്‍ നിന്നും 150 ആയി ഉയര്‍ന്നു. എന്നാല്‍ തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്കില്‍ മാറ്റമില്ല.
ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ ഒരാഴ്ചയോളം വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഫെയര്‍ സ്റ്റേജ് ഉള്‍പ്പടെ നിശ്ചയിക്കണമെന്നുള്ളതാണ് ഉത്തരവ് വൈകാന്‍ കാരണമായത്. ഓര്‍ഡിനറി ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫയര്‍ സ്റ്റേജുകള്‍ പ്രത്യേകം നിശ്ചയിക്കേണ്ടതും ഉത്തരവ് വൈകാന്‍ ഇടയാക്കിയിട്ടുണ്ട്. മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തുന്നത്. ടോള്‍, ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഉയരുന്നതോടെ ജന ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുമെന്ന സാഹചര്യമാണുള്ളത്.
അതിനിടെ, രാജ്യത്തെ സിഎന്‍ജി വിലയും ഇന്ന് മുതല്‍ വര്‍ധിപ്പിച്ചു. പെട്രോളിനും, ഡീസലിനും പാചകവാതകത്തിനും വില തുടര്‍ച്ചയായി കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി വിലയും കൂട്ടുന്നത്. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനയോടെ കൊച്ചിയില്‍ 72 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അരി വിവിധയിനങ്ങള്‍ക്ക് കിലോയ്ക്ക് എട്ട് രൂപയാണ് വര്‍ധിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് നിരക്കില്‍ ഉള്‍പ്പടെ വില വര്‍ധിക്കുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവും.

No comments