Breaking News

ബസിൽ അപമര്യാദയായി പെരുമാറി; പ്രതിയെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടിച്ച് വിദ്യാർത്ഥിനി


കെഎസ്ആര്‍ടിസി ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടികൂടി വിദ്യാര്‍ത്ഥി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി ആരതിയാണ് തനിക്ക് നേരെ അതിക്രമം നടത്താന്‍ ശ്രമിച്ച മാണിയാട്ട് സ്വദേശി രാജീവനെ (52) പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ആരതി മോശം പെരുമാറ്റം നേരിട്ടത്. തിരക്കേറിയ ബസില്‍ യാത്രക്കിടയാണ് രാജീവന്‍ ആരതിയെ ശല്യം ചെയ്തത്. മോശം പെരുമാറ്റം അനുഭവപ്പെട്ടതോടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ലെന്ന് ആരതി പറഞ്ഞു. ബസിലെ മറ്റ് യാത്രക്കാരും സംഭവത്തോട് പ്രതികരിച്ചില്ല. ഇതോടെ ഫോണില്‍ പിങ്ക് പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇത് അറിഞ്ഞതോടെ ബസ് കാഞ്ഞങ്ങാട് ടൗണിലെത്തിയപ്പോള്‍ രാജീവന്‍ ഇറങ്ങിയോടുകയായിരുന്നു. പ്രതിയെ പിടികൂടണമെന്ന് ഉറപ്പിച്ച് ആരതിയും പിന്നാലെ ഓടി. ഇതിനിടെ രക്ഷപ്പെടാനായി രാജീവന്‍ ഒരു ലോട്ടറി കടയില്‍ കയറി നിന്നു. ഇത് മനസിലാക്കിയ ആരതി സമീപത്തെ കടക്കാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് എല്ലാവരും എത്തി രാജീവനെ തടഞ്ഞുനിര്‍ത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.


No comments