Breaking News

ജലവിതരണം മുടങ്ങിയ വെസ്റ്റ്എളേരി മേലടുക്കം ശുദ്ധജല വിതരണ പദ്ധതി മാസങ്ങൾ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം പ്രത്യക്ഷ സമരവുമായി സി.പി.ഐ.എം


ഭീമനടി: റോഡ് നവീകരണത്തിന്റെ ഭാഗമായി തകർന്ന മേലടുക്കം കോളനി ശുദ്ധജല വിതരണ പദ്ധതി മാസങ്ങൾ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാത്ത പഞ്ചായത്ത്  നിലപാടിൽ വ്യാപക  പ്രതിഷേധം. വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട്, മേലടുക്കം പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ ചെലവഴിച്ചാണ് വർഷങ്ങൾക്ക് മുൻപ് മേലടുക്കം ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയത്. നിലവിൽ 50 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന് ഇതിനെ മാത്രം ആശ്രയിക്കുന്നു. ചീമേനി കാക്കടവ് കടുമേനി റോഡിന്റെയും, കുണ്ടംതട്ട് മൗക്കോട് റോഡിന്റെയും നവീകരണത്തിന്റെ ഭാഗമായി മണ്ണെടുക്കുമ്പോൾ ഇരുഭാഗത്തുമായി 400 മീറ്റർ വീതം കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർന്നു. ഇതോടെ കുടിവെള്ള വിതരണം നിലച്ചു. നിലവിൽ മേലടുക്കം ഭാഗത്തെ കുടുംബങ്ങൾ മറ്റ് പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിലാണ് കുടിവെള്ളം കൊണ്ടുവരുന്നത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ സിപിഐഎം മൗക്കോട് ലോക്കൽ കമ്മിറ്റി മാർച്ച് ഏഴിന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

No comments