Breaking News

ഇന്ത്യയിൽ നിന്ന് രണ്ട് ഫോൺ കോളുകൾ, 12 ബസ്സുകൾ; ആശങ്ക നിറഞ്ഞ അന്തരീക്ഷത്തിൽ റെഡ് ക്രോസ് സഹായത്തോടെ സുമിയിൽ രക്ഷാദൗത്യം


യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യം വന്‍ ആക്രമണം നടത്തുകയും ചെറുത്ത് നില്‍പ്പ് ശക്തമാവുകയും ചെയ്ത സമയത്ത് സുമി നഗരത്തില്‍ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. സ്‌ഫോടനങ്ങളും ആക്രമണങ്ങളും ശക്തമായതോടെ പ്രതീക്ഷ അസ്തമിച്ച നിലയിലായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. സാഹചര്യം മോശമാകുന്നു എന്നും ഇനിയും ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ട് പോവും എന്ന അവസ്ഥയിലേക്ക് വിഷയം നീങ്ങുകയും ചെയ്തു.

എന്നാല്‍, സുമിയില്‍ നിന്ന് വിദേശികള്‍ക്കും സാധാരണക്കാര്‍ക്കും രക്ഷപ്പെടാന്‍ പിന്നീട് സാഹചര്യം ഒരുങ്ങി. റഷ്യ വെടിനിര്‍ത്ത പ്രഖ്യാപിച്ചു. മാനുഷിക ഇടനാഴി പ്രഖ്യാപിച്ചു. നടപടികളോട് യുക്രൈനും സഹകരിച്ചു. ഇതോടെയാണ് സുമിയിലെ രക്ഷാ ദൗത്യം ആശ്വാസകരമായ നിലയിലേക്ക് നീങ്ങിയത്. ഇതിന് പിന്നില്‍ ഇന്ത്യ ചെലുത്തിയ സമ്മര്‍ദമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. സാഹചര്യങ്ങള്‍ കൈവിട്ട് പോയേക്കും എന്ന നിലവന്നതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഈ വിഷയം മാത്രം ചൂണ്ടിക്കാട്ടി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെയും, യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയെയും നേരിട്ട് വിളിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത് എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിന് പിന്നാലെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാതെ സംഘര്‍ഷമേഖലയില്‍ നിന്ന് പുറത്ത് വരാന്‍ സുരക്ഷിത പാതയൊരുങ്ങിയത് എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, കീവിലെയും , മോസ്‌കോയിലെയും ഇന്ത്യന്‍ അംബാസിഡര്‍മാരായ പാര്‍ത്ഥ സത്പതി, പവന്‍ കപൂര്‍ എന്നിവരും നിരന്തരം രണ്ട് സര്‍ക്കാരുകളെയും ബന്ധപ്പെട്ടിരുന്നു. ഇതിനൊപ്പം യുഎന്‍ റെഡ് ക്രോസിന്റെ സഹായവും രക്ഷാ ദൗത്യങ്ങള്‍ക്ക് തുണയായി. ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ യാത്രക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത് റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ ആയിരുന്നു.

നടപടികളുമായി മുന്നോട്ട് പോവുമ്പോഴും യുദ്ധഭൂമിയില്‍ എവിടെയങ്കിലും വച്ച് വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുമോ എന്ന ആശങ്ക നിലനിന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യാത്രയില്‍ ഉടനീളം ഈ ഭയം നിലനിന്നിരുന്നു. അതിനാല്‍ ഇന്ത്യക്കാരുമായുള്ള ബസ്സുകള്‍ സഞ്ചരിക്കുന്ന പാത പോലും രഹസ്യമായി സൂക്ഷിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പോലും ഇക്കാര്യം പങ്കുവയ്ക്കരുത് എന്നായിരുന്നു അധികൃതര്‍ നല്‍കിയിരുന്ന നിര്‍ദേശം എന്നാണ് പുറത്ത് വരുന്ന വിവരം.

സുമിക്ക് പുറത്ത് മൂന്ന് സംഘങ്ങളായി ഇന്ത്യന്‍ ഉദ്യോഗസ്ഥരും, പ്രാദേശിക എംബസി ജീവനക്കാരും കാത്തു നിന്നു. യുക്രൈന്‍ എംബസിയുടെ പ്രാദേശിക ബന്ധങ്ങളും രക്ഷാദൗത്യത്തോട് ഒപ്പം നിന്നു. നിരവധി പ്രതിസന്ധികള്‍ നേരിട്ട ശേഷമാണ് ബസുകള്‍ക്ക് സുമിയിലെ ഇന്ത്യക്കാര്‍ക്ക് സമീപം എത്താനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളില്‍ ഡ്രൈവര്‍മാരെ സംഘടിപ്പിക്കുക എന്നതായിരുന്നു ദൗത്യം നേരിട്ട മറ്റൊരു വെല്ലുവിളി. ബസുകള്‍ പിന്നീട് നിയന്ത്രിച്ചത് യുക്രൈന്‍ സൈനികരായിരുന്നു. ചില സ്വകാര്യ കാറുകളുടെ സഹായവും ലഭിച്ചു. ഇന്ധനങ്ങളുടെ പ്രതിസന്ധിയാണ് മറ്റൊന്ന്. ഇവിടെയും സഹായകമായത് എംബസിയുടെ പ്രാദേശിക ബന്ധങ്ങളാണ്. സുമിക്ക് ചുറ്റും വാഹന വ്യൂഹം സഞ്ചരിച്ച പാതകള്‍ പലതും ഷെല്ലിങ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളില്‍ തകര്‍ന്ന് പോവുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നായിരുന്നു 12 ബസ്സുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത് എത്താനായത്. പിന്നാലെ പോള്‍ട്ടോവ ലക്ഷ്യമാക്കി ബസുകള്‍ നീങ്ങുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ വിദ്യാര്‍ത്ഥികള്‍ പോള്‍ട്ടോവയില്‍ എത്തുകയും ചെയ്തു. പോള്‍ട്ടോവയില്‍ നിന്നും കുട്ടികളെ പടിഞ്ഞാറന്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുകയും അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേത്ത് തിരിക്കാനുള്ള സൗകര്യവുമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 10, 11 തീയ്യതികളില്‍ വിദ്യാര്‍ത്ഥികളുമായുള്ള വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് അധികൃര്‍ നല്‍കുന്ന വിവരം.


No comments