Breaking News

യുവതിയെ തലക്കടിച്ച് വീഴ്ത്തി മോഷണം നടത്തി കാഞ്ഞിരപ്പൊയിലിലെ അശോകൻ കാട്ടിലൊളിച്ചു; ആകാശ ക്യാമറയിലും കണ്ടെത്തിയില്ല




നിരവധി കേസുകളില്‍ പ്രതിയായ കള്ളനെ പിടിക്കാനായി കാസര്‍കോട്ട് ഡ്രോണ്‍ ഉപയോഗിച്ച് പൊലീസിന്‍റെ തെരച്ചില്‍. യുവതിയെ തലക്കടിച്ച് വീഴ്ത്തി മോഷ്ടിച്ച ശേഷം കാട്ടിനുള്ളില്‍ ഒളിച്ച കറുകവളപ്പില്‍ അശോകനെ തേടിയാണ് തെരച്ചില്‍. പെരളം സ്വദേശിയായ വീട്ടമ്മ വിജിതയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതോടെയാണ് കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അശോകനെ പൊലീസ് വീണ്ടും തെരയാന്‍ തുടങ്ങിയത്.

മോഷണം നടത്തി ചെങ്കല്കുന്നിലെ കാട്ടില്‍ ഒളിച്ച് താമസിക്കുന്നയാണ് ഇയാളുടെ രീതി. കാടടച്ച് അന്വേഷിച്ചിട്ടും അശോകനെ കണ്ടെത്താനായില്ല. ഇതോടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് തെര‍ച്ചില്‍ തുടങ്ങിയത്. 300 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചെങ്കല്‍കുന്നിലെ വഴികള്‍ അശോകനെ ഏറെ പരിചിതമാണ്. അതുകൊണ്ട് തന്നെ സാധാരണ പരിശോധനയില്‍ ഇയാളെ കണ്ടെത്തുക എളുപ്പമല്ല. പാറമടയിലോ മറ്റോ ഒളിച്ചിരിക്കാനുള്ള സാധ്യതയാണ് പൊലീസ് പറയുന്നത്.

നിരവധി കേസുകളില്‍ പ്രതിയാണ് അശോകന്‍. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിന് ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസില്‍ പിടികൂടുമെന്ന് ഭയന്ന് ഇയാള് കുറച്ച് കാലമായി കാട്ടിനുള്ളിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഭാകരന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നതും അശോകനും കുട്ടാളിയുമാണ്. മറ്റൊരു വീട്ടില്‍ നിന്ന് 30,000 രൂപ കവര്‍ന്ന കേസുമുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും അശോകനെ കണ്ടെത്താനായിട്ടില്ല.

No comments