Breaking News

മെമുവിലെ യാത്രാദുരിതമറിയാൻ ഉണ്ണിത്താൻ എംപിയുടെ ട്രെയിൻ യാത്ര



കാഞ്ഞങ്ങാട് : കണ്ണൂർ- – മംഗളൂരു റൂട്ടിലെ സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് നരകയാത്ര സമ്മാനിക്കുന്ന മെമുവെന്ന നരകവണ്ടിയിലെ യാത്രാദുരിതം നേരിട്ടറിയാൻ, എംപിയുടെ ട്രെയിൻ യാത്ര. ബോഗികൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് വാതിൽക്കൽ പോലും നിന്നുതിരിയാനിടമില്ലാത്ത മെമുവിൽ ഇന്ന് രാവിലെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി യാത്ര നടത്തിയത്.

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും, മംഗളൂരു ഭാഗത്തേക്കുള്ള മെമുവിൽ കയറിയ എംപി യാത്രക്കാരുടെ ദുരിതങ്ങൾ നേരിട്ടനുഭവിച്ചു. യാത്രാ ദുരിതത്തെക്കുറിച്ചുള്ള ട്രെയിൻ യാത്രക്കാരുടെ പരാതികൾ കേട്ടറിഞ്ഞ എംപി പരാതികൾ റെയിൽവേ വകുപ്പിനെ അറിയിക്കുമെന്നുറപ്പ് നൽകി. ട്രെയിൻ യാത്രാക്കാരുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷം 2022 ജനുവരി 26–-നാണ് കണ്ണൂർ – മംഗളൂരു മെമു സർവ്വീസ് ആരംഭിച്ചത്. 12 ബോഗികളുമായി സർവ്വീസാരംഭിച്ച മെമു ട്രെയിനിൽത്തന്നെ യാത്രക്കാരുടെ തിരക്ക് മൂലം നിന്നു തിരിയാൻ ഇടമുണ്ടായിരുന്നില്ല.

സർവ്വീസ് തുടങ്ങി രണ്ട് മാസത്തിനുള്ളിൽ മെമുവിന്റെ ബോഗികൾ പകുതിയായി വെട്ടിച്ചുരുക്കി. നിലവിലുണ്ടായിരുന്ന കണ്ണൂർ – മംഗളൂരു പാസഞ്ചർ ട്രെയിൻ നിർത്തലാക്കിയാണ് റെയിൽവേ മെമു സർവ്വീസാരംഭിച്ചത്. ഇത് യാത്രക്കാർക്ക് ഗുണത്തിന് പകരം ദോഷമാണ് സമ്മാനിച്ചത്. ജില്ലയിലെ വിവിധ സർക്കാർ ഒാഫീസുകളിൽ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും, മംഗളൂരുവിലേക്കടക്കം വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികൾക്കും, ഏറെ ഉപകാരപ്രദമായിരുന്നു കണ്ണൂർ – മംഗളൂരു പാസഞ്ചർ.

നിലവിലുണ്ടായിരുന്ന യാത്രാസൗകര്യം ഇല്ലാതാക്കി പകരം സമ്മാനിച്ച മെമു ട്രെയിൻ യാത്രക്കാർക്ക് ദുരിത വണ്ടിയായിത്തീർന്നുവെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി. റെയിൽവേ വകുപ്പിന് കീഴിലുള്ള കമ്മിറ്റിയിൽ അംഗമായ രാജ്മോഹൻ ഉണ്ണിത്താൻ എംപി മെമു ട്രെയിനിൽ സഞ്ചരിച്ച് യാത്രാദുരിതം നേരിൽക്കണ്ടതോടെ ഇനി എംപിയിലാണ് യാത്രക്കാരുടെ പ്രതീക്ഷ.

No comments