Breaking News

വനിതാദിനത്തിൽ ഖാദി കേന്ദ്രത്തിലെ സഹോദരിമാർക്ക് കരുതലുമായി പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം


പരപ്പ: ലോക വനിതാ ദിനത്തിൽ പരപ്പ ഖാദി സെന്ററിൽ സ്ത്രീ തൊഴിലാളികൾക്ക് സ്നേഹസമ്മാനവുമായി പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം  പ്രവർത്തകർ. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായി കിടന്ന ഖാദി കേന്ദ്രത്തിലെ ശൗചാലയങ്ങൾ ഫോറം പ്രവർത്തകർ നവീകരിച്ചു നൽകി.ഇരുപത്തിയഞ്ചോളം സ്ത്രീകൾ ജോലി ചെയ്യുന്ന പരപ്പ പ്രതിഭാ നഗറിലെ ഖാദി കേന്ദ്രം അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കാത്ത രീതിയിൽ ദുരിതപൂർണ്ണമായ സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ശൗചാലയങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിനാൽ പകൽ മുഴുവൻ വെള്ളം കുടിക്കാതെ ആയിരുന്നു സ്ത്രീ തൊഴിലാളികൾ ജോലിചെയ്തിരുന്നത്. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ കിനാനൂർ-കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും പരപ്പ വനിതാ സഹകരണ സംഘത്തിന്റെയും പിന്തുണയോടെ ശൗചാലയങ്ങൾ നവീകരിച്ച് നൽകുകയായിരുന്നു.തുടർന്ന് വനിതാദിനത്തിൽ മധുരപലഹാരങ്ങൾ പങ്കുവെച്ചു സന്തോഷം പങ്കിടുകയും ചെയ്തു.ഫോറം പ്രസിഡണ്ട് സിജോ പി. ജോസഫ്,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഉമേശൻ വേളൂർ സെക്രട്ടറി സി.വി. ബാലകൃഷ്ണൻ,വനിതാ സഹകരണ സംഘം പ്രസിഡണ്ട് ആലീസ് കുര്യൻ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,എ.പത്മനാഭൻ, വി.ഗംഗാധരൻ ഖാദി കേന്ദ്രം ഇൻസ്‌ട്രക്ടർ മോളി തുടങ്ങിയവർ സംസാരിച്ചു.നവീകരണ പ്രവർത്തനങ്ങൾക്ക് വിനു ക്ലായിക്കോട്,പ്രശാന്ത്‌ പരപ്പ ശരത്ചന്ദ്രൻ,  അഭിലാഷ്,മഹേഷ്‌ കുമാർ,സായന്ത്, സാമദേവ്,ശബരി രാജ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments