Breaking News

ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് ക്രിക്കറ്റ് ലോകം


ലോക ക്രിക്കറ്റില്‍ സ്പിന്‍ ബൗളിംഗിന്റെ സൗന്ദര്യം ആരാധകര്‍ക്ക് മുമ്പില്‍ കറക്കിയിട്ട ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 1992ല്‍ ആരംഭിച്ച വോണിന്റെ ക്രിക്കറ്റ് യാത്ര ആരാധകരെ അവിശ്വസനീയതകളില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ലെഗ് സ്റ്റംപിന് പുറത്തു കുത്തി ബാറ്ററുടെ ഓഫ് സ്റ്റംപിലേക്ക് വോണ്‍ എറിഞ്ഞ ഒരോ പന്തും കറങ്ങിയിറങ്ങിയപ്പോള്‍ അതിര്‍ത്തികള്‍ അളക്കാതെ ആര്‍പ്പു വിളിച്ച ക്രിക്കറ്റ് ലോകത്തിന് ഒട്ടും സഹിക്കാന്‍ കഴിയാത്ത വാര്‍ത്തായായിരുന്നു വോണിന്റെ വിടവാങ്ങല്‍.

വോണിന്റെ മരണവാര്‍ത്ത മരവിപ്പുണ്ടാക്കിയെന്ന് പറഞ്ഞാണ് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് പ്രതികരിച്ചത്. തന്റെ ക്രിക്കറ്റ് നാളുകളില്‍ ഒരിക്കലും മറക്കാനും ഒഴിവാക്കനും കഴിയാത്ത ഒന്നായിരുന്നു വോണിന്റെ ടീമിനായി വിക്കറ്റുകളുടെ പിന്നില്‍ കാവല്‍ നിന്നതെന്നും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അസൂയ വരെ തോന്നിയിട്ടുണ്ടെന്നും ഗില്‍ക്രിസ്റ്റ് ട്വിറ്ററിലൂടെ പറഞ്ഞു. എന്തെങ്കിലും പറയാനോ ചെയ്യാനോ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു വോണിന്റെ മരണ വാര്‍ത്തയറിഞ്ഞ് ക്രിക്കറ്റ് ഇതിഹാസം ബ്രയിന്‍ ലാറ പ്രതികരിച്ചത്. ''എനിക്ക് എന്റെ സുഹൃത്തിനെ നഷ്ടമായിരിക്കുന്നു. നമുക്ക് നഷ്ടമായിരിക്കുന്നത് എക്കാലത്തെയും മികച്ച ഒരു കായികതാരത്തെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു. തീര്‍ച്ചയായും നിന്നെ മിസ് ചെയ്യും വോണ്‍ '' എന്ന് പറഞ്ഞായിരുന്നു ലാറ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

വോണിന്റെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര ട്വീറ്റ് ചെയ്തത്. വോണിന്റെ വിയോഗം ഞെട്ടിച്ചുവെന്നും സംഗക്കാര പ്രതികരിച്ചു.

ലെഗ് സ്പിന്നിംഗിന്റെ സ്‌കൂള്‍ ആയി താന്‍ കരുതിയിരുന്ന ഇതിഹാസത്തെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായിരിക്കുന്നുവെന്നാണ് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി വോണിന്റെ മരണമറിഞ്ഞ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. തന്റെ ക്രിക്കറ്റ് യാത്രയില്‍ ഒട്ടേറെ തവണ തന്നെ പ്രചോദിപ്പിച്ച താരമായിരുന്നു വോണെന്നും അദ്ദേഹത്തിനെതിരെ കളിക്കാന്‍ കിട്ടിയ അവസരങ്ങള്‍ വളരെ അനുഗ്രഹം നിറഞ്ഞതായി കാണുന്നുവെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. വോണിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിച്ചെന്ന് പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം ട്വീറ്റ് ചെയ്തു. എപ്പോഴും സുഹൃത്തുക്കളായിരുന്നുവെന്നും ഒരുപാട് കാര്യങ്ങളില്‍ വോണ്‍ സഹായിച്ചിരുന്നുവെന്നും, ഒരു ക്രിക്കറ്റ് താരമെന്നതിലുപരി മികച്ച ഒരു രസികനായിരുന്നു വോണെന്നും അക്രം പറഞ്ഞു.

ക്രിക്കറ്റ് ലോകത്തിന് ഇന്ന് സങ്കടകരമായ ദിനമായിരുന്നുവെന്നാണ് ഇന്ത്യന്‍ താരം യുവരാജ് സിംഗ് ട്വീറ്റ് ചെയ്തത്. രാവിലെ റോഡ് മാര്‍ഷും ഇപ്പോഴിത ഷെയ്ന്‍ വോണിനെയും ക്രിക്കറ്റ് ലോകത്തിന് നഷ്ടമായിരിക്കുന്നുവെന്നും യുവി വോണിന്റെ മരണത്തിന്‍ പ്രതികരിച്ചു. സ്പിന് ബൗളിംഗിന്റെ രാജാവായിരുന്നു വോണെന്നും അദ്ദേഹത്തിന്റെ ഒപ്പമുള്ള ഒട്ടേറെ നല്ല ഓര്‍മ്മകള്‍ കൂടെയുണ്ടെന്നും യുവരാജ് പറഞ്ഞു.ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതുമാണ് വോണിന്റെ മരണവാര്‍ത്തയെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കർ ട്വീറ്റ് ചെയ്തു. വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സച്ചിന്റെ ട്വീറ്റ്.'വോണ്‍, താങ്കളെ മിസ് ചെയ്യും. നിങ്ങള്‍ക്കൊപ്പം ഒരിക്കലും ഒരു മോശം നിമിഷമുണ്ടായിരുന്നില്ല, ഫീല്‍ഡിന് പുറത്തായാലും അകത്തായാലും. ഫീല്‍ഡില്‍ തമ്മിലുള്ള പോരാട്ടവും ഫീല്‍ഡിന് പുറത്തെ പരിഹാസങ്ങളും എപ്പോഴും ഒരു നിധിയായിരിക്കും. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കിടയിലും താങ്ങള്‍ക്ക് വിശേഷപ്പെട്ട സ്ഥാനമുണ്ട്. മടക്കം വളരേ നേരത്തേയാണ്', സച്ചിന്‍ ട്വീറ്റ് ചെയ്തു. ഇന്ന് വെകീട്ട് തായ്‌ലാന്‍ഡിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഷെയ്ന്‍ വോണ്‍ ക്രിക്കറ്റ് ലോകത്തിനോട് വിടപറഞ്ഞത്.

No comments