Breaking News

യു.പി യിലും ഉത്തരാഖണ്ഡിലും ബി.ജെപിയും പഞ്ചാബിൽ ആം ആദ്മിയും ഭരണമുറപ്പിച്ചു തകർന്നടിഞ്ഞു കോൺഗ്രസ്


അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബി.ജെ.പി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടിയാണ് മുന്നിൽ.


ട്രെന്റിന് അനുസരിച്ചാണെങ്കിൽ പഞ്ചാബിൽ ‘ആപ്പ് ആറാടുകയാണ്’. ദില്ലിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യമായി ആംആദ്മി പാർട്ടിയെത്തുന്നു. കോൺഗ്രസിനെ വൻ മാർജിനിൽ തറപറ്റിച്ച് വലിയ ഭൂരിപക്ഷത്തിലേക്കാണ് കെജ്രിവാളിന്റെ ‘സാധാരണക്കാരുടെ പാർട്ടി’ നീങ്ങുന്നത്. കഴിഞ്ഞ 2017 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റൻ അമരിന്ദറിനും കോൺഗ്രസിനും ഒപ്പം നിന്നു. എന്നാൽ ഇത്തവണ പടലപ്പിണക്കങ്ങളും തമ്മിലടിയും സീറ്റ്, സ്ഥാനപ്പോരും ഒപ്പം ഭരണ വിരുദ്ധ വികാരവും കോൺഗ്രസിനെ പിടിച്ച് കുലുക്കിയപ്പോൾ ആംആദ്മി പതിയെ കളം പിടിച്ചു. ആപ്പിന്റെ മുന്നേറ്റത്തിൽ കാലിടറിയത് അമരീന്ദർസിംഗ്, ചരൺജിത് സിങ് ഛന്നി, നവ്ജ്യോത് സിംഗ് സിന്ധു. പ്രകാശ് സിംഗ് ബാദൽ തുടങ്ങിയ മുൻ നിരനേതാക്കളാണ്.


2012 ൽ മാത്രം രൂപീകരിച്ച “ആംആദ്മി” പാർട്ടി ഷീലാ ദീക്ഷിതിനെയും കോൺഗ്രസിനെയും ഞെട്ടിച്ചാണ് ആദ്യം ദില്ലിയിൽ അധികാരം നേടിയത്. അന്ന് അത് അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ആ വിജയം രണ്ടാം വട്ടവും കെജ്വിവാൾ ആവർത്തിച്ചു. അപ്പോഴും ദില്ലിയിൽ മാത്രമുള്ള ഒരു പാർട്ടിയെന്ന വിമർശനം കെജ്രിവാളിനും ആംആദ്മിക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതിനുമപ്പുറം ഒരു വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ച് വിമർശകരുടെ വായടപ്പിക്കുകയാണ് പഞ്ചാബിലെ മുന്നേറ്റത്തിലൂടെ കെജ്രിവാൾ.


ചരിത്രം കുറിച്ച് യോഗിക്ക് രണ്ടാമൂഴം,


തുടര്‍ഭരണത്തിന് അവസരം നല്‍കി കേരളത്തെ പോലെ ഉത്തര്‍ പ്രദേശും. യോഗി ആദിത്യനാഥ് സര്‍ക്കാരിന് യു.പിയില്‍ രണ്ടാമൂഴം. 37 കൊല്ലത്തിനു ശേഷമാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിക്കുന്നത്. ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ബി.ജെ.പി. മുഖ്യമന്ത്രി എന്ന നേട്ടത്തിനൊപ്പം സെക്കന്‍ഡ് ഇന്നിങ്‌സ് എന്ന സുവര്‍ണാവസരവും യോഗിക്ക് ലഭിച്ചിരിക്കുകയാണ്. വെല്ലുവിളിയായേക്കുമെന്ന കരുതിയ മേഖലകളിലെല്ലാം വിജയത്തേരില്‍ മുന്നേറുന്ന ബി.ജെ.പി. അതായിരുന്നു യു.പി. വോട്ടെണ്ണല്‍ദിനത്തില്‍നിന്നുള്ള കാഴ്ച. ഗൊരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ യോഗിക്ക് എസ്.പിയിലെ ശുഭവതി ശുക്ലയും കോണ്‍ഗ്രസിന്റെ ചേതന ശുക്ലയും ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളിയായില്ല.


കര്‍ഷകസമരം, തൊഴിലില്ലായ്മ, കോവിഡ് 19, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളെയും ആരോപണങ്ങളെയും മുഖ്യമന്ത്രി എന്ന നിലയിലും സ്ഥാനാര്‍ഥി എന്ന നിലയിലും യോഗിക്ക് നേരിടേണ്ടി വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പാര്‍ട്ടിയില്‍നിന്നും നിരവധി എം.എല്‍.എമാര്‍ എസ്.പിയുടെ പാളയത്തിലേക്കും പോയി. നിയമസഭാ പോരാട്ടം കനത്തതാണെന്നും സര്‍ക്കാര്‍ രൂപവത്കരിക്കണമെങ്കില്‍ ഫലപ്രഖ്യാപനത്തിനു ശേഷം സഖ്യചര്‍ച്ച വേണ്ടിവരുമെന്ന് പാര്‍ട്ടി ആഭ്യന്തര റിപ്പോര്‍ട്ടും പുറത്തുവന്നു. പാലം കുലുങ്ങി, പക്ഷേ, കേളന്‍ കുലുങ്ങിയില്ല. പ്രതികൂലഘടകങ്ങളെയെല്ലാം അതിജീവിച്ച് യോഗി വിജയിച്ചു.

No comments