Breaking News

തീഗോളങ്ങൾക്കിടയിലൂടെ 
 റൊമാനിയ വഴി നാട്ടിലെത്തി വെസ്‌റ്റ്‌ എളേരി കുന്നുംകൈയിലെ ആഷ്ലി ജോർജ്


വെള്ളരിക്കുണ്ട് :ഉക്രയ്‌നിൽ യുദ്ധം തുടങ്ങിയ ആദ്യദിവസം ബോംബ് വർഷിച്ച വിമാനത്താവളമാണ്‌ ഇവാനോ ഫ്രാങ്ക് വിസ്‌കിലേത്‌. തൊട്ടടുത്തുള്ള നാഷണൽ മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് വെസ്‌റ്റ്‌ എളേരി കുന്നുംകൈയിലെ ആഷ്ലി ജോർജ്. ബോംബ് വർഷം നടക്കുന്നതിന്റെ തലേദിവസം രക്ഷപ്പെടാൻ അറിയിപ്പ് ലഭിച്ചെങ്കിലും സർവകലാശാലയുടെ അനുമതിയില്ലാത്തതിനാൽ ഫെബ്രുവരി 27 വരെ പിടിച്ചുനിന്നു. വിദ്യാർഥികൾ പ്രേതിഷേധിച്ചതോടെയാണ്‌ ബങ്കറിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചത്‌.
മിസൈൽ വീണ് കെട്ടിടങ്ങൾ തീഗോളമായി മാറുന്നത്‌ നേരിൽ കണ്ട ആഷ്ലിയും കൂട്ടുകാരും ഒരു വാഹനത്തിൽ 200 കിലോമീറ്റർ ദൂരമുള്ള റൊമാനിയായിലേക്കാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. അതിർത്തിയിൽ 30 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഊഴവും കാത്ത് നിൽക്കുന്നവരുടെ നിര. അതിർത്തി കടക്കാൻ 16 മണിക്കൂറാണ് ക്യൂ നിന്നത്. ഉക്രയ്ൻക്കാരുടെ ആക്രമണവും നേരിട്ടു. റൊമാനിയയിലെ ബുക്കാറെസ്‌റ്റ്‌ വിമാനത്താവളത്തിൽ നിന്ന്‌ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിൽ ഡൽഹിയിലേക്ക്‌. കേരള ഹൗസിൽ താമസിച്ച്‌ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിമാനത്തിൽ കൊച്ചിയിലെത്തി. മരണത്തെ മുഖാമുഖം കണ്ട്‌ നാട്ടിലെത്തിയത്‌ ആറ് ദിവസത്തിന് ശേഷമാണ്. കുന്നുംകൈയിലെ മാളിയേക്കൽ ജോർജിന്റെയും ബിജിയുടെയും മകളാണ് ആഷ്ലി ജോർജ്.


No comments