Breaking News

മതപഠനത്തിനായി യെമനിലേക്ക് പോയി; കാസർകോട് സ്വദേശിയടക്കം 14 പേരെ ഒമാനിൽ നിന്ന് പിടികൂടി നാട് കടത്തി


യെമനിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശി ഉള്‍പെട്ട പതിനാലംഗ കുടുംബത്തെ ഒമാന്‍ പൊലീസ് അതിര്‍ത്തിയില്‍ നിന്നും പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചതായി വിവരം. മതപഠനത്തിനായാണ് ഇവര്‍ യെമനിലേക്ക് പുറപ്പെട്ടതെന്ന് സംശയിക്കുന്നു. ഇന്‍ഡ്യ നയതന്ത്രബന്ധം ഉപേക്ഷിച്ച രാജ്യമാണ് യെമന്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹാശിം എന്ന ഹാശി(32)യും, ഭാര്യ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനിയും ഇവരുടെ കുടുംബത്തില്‍പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റു 12 പേരടക്കമുള്ളവരെയാണ് ഇന്‍ഡ്യയിലേക്ക് തന്നെ മടക്കി അയച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹാശിയുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലങ്ങളും ബന്ധങ്ങളും അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഇവര്‍ യെമനിലേക്ക് പോകാനായി സുല്‍ത്താനറ്റ് ഓഫ് ഒമാനിലെ സലാലയിലെത്തിയത്. സലാലയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരമുള്ള യെമന്റ തലസ്ഥാന നഗരിയായ സന്‍ ആയിലെത്താന്‍ അതിര്‍ത്തിക്കടുത്ത് എത്തിയപ്പോള്‍ യെമന്‍ ചെക്‌പോസ്റ്റ് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചതായാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. മസ്‌ക്കറ്റ്് വഴി കോഴിക്കോട് വിമാനത്താവളത്തിലേക്ക് കയറ്റിവിട്ട ഇവരുടെ വിവരങ്ങള്‍ എമിഗ്രേഷന്‍ അധികൃതര്‍ കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. സലഫികളിലെ ദാ ഇശ് വിഭാഗത്തില്‍ പെട്ട ഇവര്‍ ചട്ടങ്ങള്‍ ശക്തമായി പിന്തുടരുന്നവരാണെന്നും പഠനവും ആടുമേയ്ച്ചുള്ള ജീവിതരീതിയിലും ആകൃഷ്ടരായാണ് ഇവര്‍ പോയതെന്നുമാണ് സൂചന ലഭിച്ചിരിക്കുന്നത്. നേരത്തേ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്ന് ദാഇശില്‍ ചേരാനായി അഫ്ഗാനിസ്താനിലേക്ക് പോയ സംഘത്തിലെ പലരും അമേരികന്‍ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട റിപോര്‍ട് പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനില്‍ അധികാരത്തിലേറിയ പുതിയ സര്‍കാര്‍ അവശേഷിച്ച് ജയിലില്‍ കഴിയുന്നവരെ തുറന്നു വിട്ടിരുന്നു. ഇതില്‍ പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളും ഉണ്ടെന്നാണ് വിവരം. നിമിഷ ഫാത്വിമയടക്കമുള്ളവര്‍ ഇപ്പോഴും സുരക്ഷിതരാണെന്നാണ് വിവരം. പഠനത്തിന്റെ പേരില്‍ തീവ്രവാദ സംഘടനകളില്‍ പലരും എത്തിപ്പെടുന്നത് ആശങ്ക പരത്തുന്നുണ്ട്. ഇന്‍ഡ്യയില്‍ തന്നെ നിരവധി മത വൈജ്ഞാനിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലൊന്നും ചേര്‍ന്ന് പഠിക്കാതെ ദാഇശിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട രാജ്യങ്ങളിലേക്ക് സ്ത്രീകളേയും കുട്ടികളേയും യുവാക്കളെയും റിക്രൂട് ചെയ്യുന്ന ഏജന്‍സികളെ കുറിച്ചും അന്വേഷണം ആരംഭിച്ചതായും റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ നാട്ടുകടത്തപ്പെട്ടവര്‍ക്ക് ഏതെങ്കിലും സംഘടനകളോ ഏജന്‍സികളോ ആയി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ സാമൂഹിക മാധ്യമ അകൗണ്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

No comments