Breaking News

കൊവിഡ് പോർട്ടൽ ലിങ്കിനു പകരം പോൺഹബ് ലിങ്ക്; എയറിലായി കാനഡയിലെ ആരോഗ്യമന്ത്രാലയം




ആകെ കുടുങ്ങിയ അവസ്ഥയിലാണ് കാനഡയിലെ ഒരു പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍.

എന്താണ് കാരണമെന്നോ, ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒരു ലിങ്ക് പോസ്റ്റ് ചെയ്തുപോയി.

സംഗതി വെറും ലിങ്കല്ല, ഒരു പോണ്‍ സൈറ്റിന്റെ ലിങ്ക്.

അതോ, വെറും സൈറ്റല്ല, ലോകത്തേറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള പോണ്‍ ഹബിന്റെ ലിങ്ക്!

നല്ലൊരുദ്ദേശ്യത്തിലാണ് അവര്‍ സ്വന്തം ട്വിറ്റര്‍ പേജില്‍ ആ ട്വീറ്റ് ചെയ്തത്. കാനഡയിലെ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്വന്തം പോര്‍ട്ടലിലേക്കുള്ള ലിങ്ക് എന്ന നിലയ്ക്കാണ് അവര്‍ ലിങ്ക് ഷെയര്‍ ചെയ്തത്.

എന്നാല്‍, ഈ ജോലി ചെയ്ത ആള്‍ക്ക് അബദ്ധം പറ്റി. കൊവിഡ് പോര്‍ട്ടല്‍ ലിങ്കിനു പകരം ഷെയര്‍ ചെയ്തത് പോണ്‍ഹബ് ലിങ്കായിരുന്നു!

കൊവിഡ് പോര്‍ട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനെന്നായിരുന്നു അവര്‍ നല്‍കിയ അടിക്കുറിപ്പ്. അടിക്കുറിപ്പിനു താഴെ േപാസ്റ്റ് ചെയ്തതാവട്ടെ പോണ്‍ഹബ് ലിങ്കും.

കിഴക്കന്‍ കാനഡയിലെ പ്രധാന പ്രവിശ്യകളിലൊന്നാണ് ക്യൂബെക്ക്. ഇവിടെ ഫ്രഞ്ച് സംസാരിക്കുന്നവരാണ് കൂടുതല്‍. തങ്ങളുടെ പ്രവിശ്യയിലെ കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ആരോഗ്യ മന്ത്രാലയ അധികൃതര്‍ ആ ട്വീറ്റ് ചെയ്തതും.

സംഗതി എന്തായാലും ട്വീറ്റ് ചെയ്ത് അല്‍പ്പ സമയത്തിനകം തന്നെ ആരോഗ്യ വകുപ്പ് അധികൃതര്‍ വിവരമറിഞ്ഞു. ആളുകള്‍ തുരുതുരാ കമന്റിടാന്‍ തുടങ്ങി. അല്‍പ്പ സമയത്തിനകം തന്നെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് അബദ്ധം മനസ്സിലായി. അവര്‍ ഉടനടി ആ ട്വീറ്റ് ഡിലിറ്റ് ചെയ്തു. എന്നാല്‍, അതിന്റെ സ്‌ക്രീന്‍ ഷോട്ട് അതിവേഗം വൈറലായി.

അവിചാരിതമായ സാഹചര്യത്തില്‍ അത്തരമൊരു ലിങ്ക് ട്വീറ്റ് ചെയ്തു പോയതായി എ എഫ് പി വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് ഉത്തരമായി ക്യുബെക് ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

അതോടൊപ്പം, അബദ്ധം പറ്റിയ അതേ ഇടത്തുതന്നെ അവര്‍ ക്ഷമചോദിച്ചു. സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു തന്നെ നിര്‍വ്യാജമായ ഖേദപ്രകടനം.

No comments