ഹോസ്ദുർഗ്ഗ് ജില്ലാ ജയിലിൽ വിളവെടുത്ത 100 കിലോ കുമ്പളങ്ങ അമ്പലത്തറ സ്നേഹവീടിന് കൈമാറി
അമ്പലത്തറ: സ്നേഹ വീടിന്‍റെ ഉള്ളം നിറയ്ക്കാൻ വീണ്ടും ജില്ലാ ജയിലിന്‍റെ സ്നേഹസമ്മാനം
ഹോസ്ദ്ദുർഗ്ഗ് ജില്ലാ ജയിലിൽ വിളവെടുത്ത 100 കിലോ കുമ്പളങ്ങ സ്നേഹ വീടിന് കൈമാറി
ജയിലുകൾ മാറ്റത്തിന്‍റെ പുതിയ പാതകളിലൂടെ സഞ്ചരിക്കുകയാണെന്ന് നിരവധി പ്രവർത്തനങ്ങളിലൂടെ തെളിയിച്ച ഹോസ്ദ്ദുർഗ്ഗ് ജില്ലാ ജയിലിൽ നിന്നും മറ്റൊരു പ്രവർത്തനം കൂടി ശ്രദ്ധേയമാവുന്നു.
ജയിലിൽ വിളവെടുത്ത 100 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്നേഹ വീട്ടിലേക്ക് കൈമാറി. ഹരിത കേരളാ മിഷന്‍റെ ഭാഗമായി ഹരിത ജയിലായി മാറിയ ഹോസ്ദ്ദുർഗ്ഗ് ജില്ലാ ജയിലിൽ പൂർണ്ണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പിലാക്കിയത്. കൃഷിക്കാവശ്യമായ വളവും ജയിലിൽ നിന്നും തന്നെ ഉൽപ്പാദിപ്പിച്ചു. ഇത്തരത്തിൽ 200 കിലോയോളം വിളവാണ് ഇത്തവണ ലഭിച്ചത്. അതിൽ 100 കിലോ ജയിൽ ആവശ്യങ്ങൾക്കായി മാറ്റി വെക്കുകയും ബാക്കി 100 കിലോ അമ്പലത്തറയിലെ സ്നേഹ വീട് ബഡ്സ് സ്കൂളിലേക്ക് കൈമാറുകയുമാണ് ചെയ്തത്. കാഞ്ഞങ്ങാട് കൃഷി ഭവന്‍റെ പിൻതുണ കൃഷിക്ക് പിന്നിലുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ജയിൽ അന്തേവാസികളുടെ മാനസിക പരിവർത്തനത്തിന് സഹായകരമാവുമെന്നും സമൂഹത്തിൽ ജൈവ കൃഷിയുടെ സന്ദേശമെത്തിക്കുവാൻ കാരണമാകുമെന്നും ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് ജില്ലാ ജയിലിൽ സൂപ്രണ്ട് കെ. വേണു പറഞ്ഞു. ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൻ കെ. വി. സുജാത ടീച്ചറിൽ നിന്നും സ്നേഹ വീട് പ്രസിഡന്‍റെ് അഡ്വ. രാജേന്ദ്രൻ വിളവെടുത്ത കുമ്പളങ്ങകൾ സ്വീകരിച്ചു. വികസന സ്റ്റാന്‍റെിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. കെ. ലത, കൃഷി ഓഫീസർ മുരളീധരൻ , കൃഷി അസിസ്റ്റന്‍റെ് രവീന്ദ്രൻ, അസിസ്റ്റന്‍റെ് സൂപ്രണ്ട് ഗ്രേഡ് 1 മൃദുല. വി. നായർ, അസിസ്റ്റന്‍റെ് സൂപ്രണ്ട് ഗ്രേഡ് 2 ഷൺമുഖൻ. പി. കെ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമ്മാരായ ജിമ്മി ജോണസൻ , സന്തോഷ് കുമാർ. എം. വി, അസിസ്റ്റന്‍റെ് പ്രിസൺ ഓഫീസർ സുർജിത്ത്. കെ. വി, വിജയൻ. കെ. വി ഫീമെയിൽ അസിസ്റ്റന്‍റെ് പ്രിസൺ ഓഫീസർ സ്മിത. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. .

No comments