Breaking News

ജസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്


കൊച്ചി: പത്തനംതിട്ട മൂക്കാട്ടുതറയിൽ നിന്ന് നാല് വർഷം മുമ്പ് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താൻ ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ജസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ, തുടങ്ങിയവ വിദേശ രാജ്യങ്ങളിലെ ഇന്റർപോളിന് കൈമാറി. എന്നാൽ ഇതുവരെയും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് വിവരം.2021 ഫെബ്രുവരി 19 നാണ് ജസ്ന തിരോധാനകേസിൽ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ( കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദ്ദേശ പ്രകാരം സിബിഐ മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്‌ന 2018 മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാണാതായ ദിവസം മുണ്ടക്കയത്തേക്ക് പോവുന്ന ശിവ​ഗം​ഗ എന്ന ബസിൽ ജസ്ന യാത്ര ചെയ്യുന്നത് കണ്ടവരുണ്ട്. മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കല്‍ പൊലീസും ശേഷം ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.

No comments