Breaking News

ശ്രീനിവാസനെ അക്രമിക്കാൻ പ്രതികളെത്തിയത് സുബൈറിന്റെ പോസ്റ്റ്‌മോർട്ടം നടക്കുന്ന ആശുപത്രിയിൽ നിന്ന്; നിർണായക തെളിവുകൾ പുറത്ത്


പാലക്കാട്: പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍. കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെയെത്തിയാണ് ശ്രീനിവാസന് നേരെ ആക്രമണം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ ഫോണുകള്‍ ഉപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസന്‍ കൊലക്കേസില്‍ പൊലീസ് നേരത്തെ അറിയിച്ച ശഖ്‌വാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ക്ക് പുറമെ പട്ടാമ്പി സ്വദേശിയും ഉള്‍പ്പെടുന്നു എന്നാണ് പുതിയ വിവരം. കൊലപാതകങ്ങളില്‍ ആറ് പ്രതികളുണ്ടെന്ന് വ്യക്തമാക്കുമ്പോഴും ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പാലക്കാട് എലപ്പുളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ മൊഴികളില്‍ നിന്ന് മറ്റ് പ്രതികളെകുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാനായത്. കൊലപാതകത്തിനു ശേഷം വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ഇന്നലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ നാട്‌വിട്ടു എന്നാണ് പോലീസ് കരുതുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിക്കുന്നുണ്ട്. ഇന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ മാധ്യമങ്ങളെ കാണും. എഡിജിപി വിജയ് സാഖറെയും ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്


No comments