Breaking News

ജില്ലയിൽ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റെടുത്ത്‌ വ്യാപക തട്ടിപ്പ് ; ലോട്ടറി വില്പനക്കാർ തട്ടിപ്പിനിരയാവുന്നു




കാഞ്ഞങ്ങാട്: 'ഒരാൾ ലോട്ടറി ടിക്കറ്റ് തന്ന്, സമ്മാനമടിച്ചിട്ടുണ്ടോയെന്ന് നോക്കാൻ പറഞ്ഞു. സമ്മാനപ്പട്ടിക നോക്കിയപ്പോൾ 500 രൂപയുണ്ട്. നാല്‌ ടിക്കറ്റും ബാക്കി 360 രൂപയും വാങ്ങി അയാൾ പോയി. പതിവുപോലെ ടിക്കറ്റ് മൊത്തവില്പനകേന്ദ്രത്തിലെത്തിച്ചു. അവരും ഒത്തുനോക്കി. ഈ ടിക്കറ്റ് ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് അത്‌ വ്യാജനെന്ന് വ്യക്തമായത്. മൊത്ത വില്പനകേന്ദ്രത്തിലെ ഏജന്റിന് 500 രൂപ കൊടുക്കേണ്ടിവന്നു.' കാഞ്ഞങ്ങാട് മീനാപ്പീസിലെ ലോട്ടറി വില്പനക്കാരൻ പെരിയ സാമിക്ക് 500 രൂപയുടെ നഷ്ടം പറയുമ്പോൾ മനസ്സ്‌ നീറുന്നു.



രാവിലെമുതൽ വൈകീട്ടുവരെ ടിക്കറ്റുകൾ നടന്നുവിൽക്കുന്ന ഇയാൾക്ക് ഒരുദിവസം കമ്മിഷൻ ഇനത്തിൽ കിട്ടുന്നത് 500 രൂപയിലും താഴെയാണ്. ഇത്‌ പെരിയ സാമിയുടെ മാത്രം അനുഭവമല്ല. ജില്ലയിൽ പലയിടത്തും ഇത്തരം തട്ടിപ്പിനിരയായ ഒട്ടേറെ ലോട്ടറി വില്പനക്കാരുണ്ട്. 500 മുതൽ 5000 രൂപവരെ സമ്മാനമുള്ള ലോട്ടറി ടിക്കറ്റുകളാണ് കളർ ഫോട്ടോസ്റ്റാറ്റ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. കൂടുതലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും സമ്മാന ടിക്കറ്റുകളാണ് ഫോട്ടോസ്റ്റാറ്റെടുക്കുക. കളർ ഫോട്ടോസ്റ്റാറ്റെടുത്താൽ ഒറ്റനോട്ടത്തിൽ മാത്രമല്ല, തിരിച്ചും മറച്ചും പരിശോധിച്ചാലും മനസ്സിലാകില്ല.




ബാർകോഡിലും സമ്മാനം തെളിയുന്നുലോട്ടറി ടിക്കറ്റിൽ ബാർകോഡും ക്യു.ആർ. കോഡും ഉണ്ടാകും. മൊത്തവിതരണ ഏജന്റുമാർ ഈ ബാർകോഡ് ആണ് പരിശോധിക്കുക. കളർ ഫോട്ടോസ്റ്റാറ്റ് ടിക്കറ്റിലെ ബാർകോഡ് സ്‌കാൻ ചെയ്യുമ്പോൾ സമ്മാനത്തുക തെളിയുന്നു. ഇതോടെ മൊത്തവിതരണ ഏജന്റിനും ഇതു സംബന്ധിച്ച് സംശയമില്ലാതാകുന്നു. ലോട്ടറി ഓഫീസിലെത്തിയാൽ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്യും. അപ്പോൾ മാത്രമാണ് ഇതു വ്യാജനെന്ന് ബോധ്യപ്പെടുന്നത്. മൂന്നും നാലും വ്യാജ ടിക്കറ്റുകൾവരെ കൈയിലെത്തിയ വില്പനക്കാരുണ്ട്. ചിലപ്പോൾ ലോട്ടറി ഓഫീസിലെ ക്യു.ആർ. കോഡിലും തട്ടിപ്പ് തെളിയില്ല. അങ്ങനെ വരുമ്പോൾ സമ്മാനം നൽകും. പിന്നീട് ഇതിന്റെ ഒറിജിനലുമായെത്തുന്നവർക്ക് സമ്മാനം കിട്ടില്ല. നേരത്തെ സമ്മാനം ക്ലെയിം ചെയ്തുവെന്ന അറിയിപ്പാകും ഓഫീസിൽ നിന്നുണ്ടാകുക.


പിറകിലുള്ള സീലും വ്യാജം


കളർ പകർപ്പെടുത്ത ടിക്കറ്റിന്റെ പിറകിൽ ഏതെങ്കിലും ലോട്ടറി സ്റ്റാളിന്റെ സീലുണ്ടാകും. പക്ഷേ, അതു വ്യാജമാണെന്നു മാത്രം. ഏറ്റവുമൊടുവിൽ ജില്ലയിലൊട്ടാകെ വ്യാപകമായത് ഈ മാസം ആറിന് നറുക്കെടുത്ത എ.കെ. 543 നമ്പർ അക്ഷയ ഭാഗ്യക്കുറി ടിക്കറ്റാണ്. ഇതിന്റെ നമ്പറിൽ അവസാനത്തെ നാലക്കമായ 1969-ന് 500 രൂപ സമ്മാനമുണ്ട്. ഈ ടിക്കറ്റിന്റെ പകർപ്പ് കാഞ്ഞങ്ങാട്ട് മാത്രം വിവിധ ലോട്ടറി സ്റ്റാളുകളിലെത്തിയത് 25-ലേറെയാണ്. പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ലോട്ടറി സ്റ്റാളുകളുടെ സീലുകളാണ് ഇവയിൽ പതിച്ചുകാണുന്നത്.

No comments