മകളുടെ പിറന്നാൾ ദിവസം ഭാഗ്യം തുണച്ചു; അച്ഛന് ലോട്ടറിയടിച്ചത് 70 ലക്ഷം രൂപ
മകളുടെ പിറന്നാള്‍ ദിവസത്തില്‍ ഭാഗ്യദേവത തുണച്ചപ്പോള്‍ പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്ക് ലഭിച്ചത് 70 ലക്ഷം രൂപ. പല്ലശ്ശന അണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് ബുധനാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.
തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയായ ഷാജഹാന്‍ എടുത്ത എട്ട് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.ഭാര്യ സജ്ന, മക്കളായ സഫുവാന്‍ (6), സിയാ നസ്രിന്‍ (5), സഫ്രാന്‍ (രണ്ടര) എന്നിവരടങ്ങുന്ന കുടുംബത്തില്‍ പിറന്നാള്‍ സമ്മാനമായാണ് ഭാഗ്യമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു മകള്‍ സിയാ നസ്രിന്റെ പിറന്നാളെന്ന് ഷാജഹാന്‍ പറഞ്ഞു.
ഒരാഴ്ചമുമ്ബുമാത്രം ലോട്ടറിവ്യാപാരം തുടങ്ങിയ തില്ലങ്കാട്ടിലെ കൃഷ്ണന്‍ എന്നയാളില്‍ നിന്നാണ് ഷാജഹാന്‍ കഴിഞ്ഞ ദിവസം ടിക്കറ്റ് എടുത്തത്. ഇടയ്ക്കിടെ ഭാഗ്യക്കുറി എടുക്കാറുള്ള ഷാജഹാന് നേരത്തെ 5,000 രൂപവരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് താമരശ്ശേരിയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാംസമ്മാനമായ അഞ്ചുലക്ഷം രൂപ ലഭിച്ചിട്ടുള്ളത്.
No comments