Breaking News

എംപി കർഷകരോട്‌ മാപ്പ്‌ പറയണം: കർഷകസംഘം, തനിക്കെതിരെ വാട്സാപ്പിൽ വ്യാജ പ്രചരണം നടത്തുന്നവർ പിതൃ ശൂന്യരെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ




കാഞ്ഞങ്ങാട്:രാജ്മോഹൻ ഉണ്ണിത്താൻ എംപി കർഷകരോട്‌ മാപ്പ്‌ പറയണമെന്ന്‌ കർഷകസംഘം ജില്ലാകമ്മിറ്റി

കാട്ടുപന്നികളുടെ അക്രമത്തിൽ കൃഷിയും കർഷകരും അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ, തുരങ്കം വയ്‌ക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപി കർഷകരോട്‌ മാപ്പ്‌ പറയണമെന്ന്‌ കർഷകസംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

പാർലമെന്റിൽ പന്നിയെ ക്ഷുദ്രജീവി ആക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷൻ ഉന്നയിച്ച ഉണ്ണിത്താൻ, വന്യജീവി സംരക്ഷണ ബില്ലിന്റെ ഭേദഗതിയിലേക്കായി എഴുതി അയച്ച കത്തിൽ ജന്തുശല്യ വിഭാഗം തന്നെവേണ്ട എന്നാണ്‌ അറിയിച്ചത്‌. എംപി അയച്ച കത്ത്‌ വിവരാവകാശനിയമപ്രകാരം കർഷകർ പുറത്തെത്തിച്ചു. ഈ ഇരട്ടത്താപ്പ് കർഷക വഞ്ചനയാണ്. അരഡസനോളം മനുഷ്യ ജീവനാണ് മലയോരത്ത് മാത്രം കാട്ടുപന്നികളുടെ ആക്രമത്തിൽ പൊലിഞ്ഞത്. നിരവധി ആളുകളാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്‌. കടംവാങ്ങിയും വായ്‌പയെടുത്തും നടത്തിയ കൃഷി മൊത്തത്തിൽ നശിപ്പിക്കുകയാണ്‌. അതുവഴി കർഷകരാകെ വൻ കടക്കെണിയിലാവുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസഹായം തേടിയത്‌. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ട പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റിക്ക്‌ മുന്നിലാണ്‌ ഉണ്ണിത്താൻ പന്നിയടക്കമുള്ള ജീവികളെ ജന്തുശല്യവിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്ന്‌ കത്തയച്ചത്‌.

ജില്ലാകമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, എം വി കോമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി ജനാർദനൻ സ്വാഗതം പറഞ്ഞു.




കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ തനിക്കെതിരെ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം നടത്തുന്നവർ തന്തയ്ക്ക് പിറക്കാത്തവരെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കാട്ടുപന്നി വിഷയത്തിൽ എം.പിയുടെ നിലപാടറിയാൻ വിളിച്ച മലയോരത്തെ യുവാവിനോട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് വിവാദ പരാമർശം.




കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്രസർക്കാർ നിഷേധാത്മക നയം സ്വീകരിച്ചതോടെയാണ് വിഷയത്തിൽ കാസർകോട് എം.പിയുടെ നിലപാടിനെച്ചൊല്ലി നവമാധ്യമങ്ങളിൽ ചർച്ചയുണ്ടായത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ എം.പി, കേന്ദ്രത്തിന് അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് വിമർശനം. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു.


കാസർകോട് ജില്ലയിൽ പന്നിയുടെ കുത്തേറ്റ് ജീവപായം വരെ ഉണ്ടായിരുന്നു. രാജ്മോഹൻ ഉണ്ണിത്താന്റെ മണ്ഡലമായ കാസർകോടിന്റെ മലയോര പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായുള്ളത്. പാർലമെന്റിൽ ഈ വിഷയത്തിൽ എം.പി. നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവരാവകാശ രേഖകളുദ്ധരിച്ചാണ് കേരള സ്വതന്ത്ര്യ കർഷക അസോസിയേഷൻ എന്ന സംഘടന എം.പിക്കെതിരെ രംഗത്തു വന്നത്.




ഇതെക്കുറിച്ച് അറിയാൻ വിളിച്ച വെള്ളരിക്കുണ്ട് സ്വദേശിയെന്ന് അവകാശപ്പെട്ടയാളോടാണ് വാട്സ് ആപ്പിൽ പ്രചാരണം നടത്തുന്നവർ തന്തയില്ലാത്തവരെന്ന് എം.പി.മറുപടി പറഞ്ഞത്. പ്രസ്തുത ഫോൺ സംഭാഷണം ഫേസ്ബുക്കിൽ ചർച്ചാ വിഷയമായി.




ബളാൽ പഞ്ചായത്തിൽ കഴിഞ്ഞ വർഷം മാത്രം രണ്ട് പേരാണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഏളേരി കുറുഞ്ചേരിയിലും വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. സ്വന്തം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന കാട്ടുപന്നി ആക്രമങ്ങളെ നിസ്സാരവൽക്കരിക്കുന്ന നിലപാടാണ് എം.പി.യുടേതെന്ന് കർഷകർ ആരോപിച്ചു. ഒരു ജനപ്രതിനിധിക്ക് ചേരാത്ത വിധത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊതുജനങ്ങളുടെ തന്തയ്ക്ക് വിളിച്ചത്. എം.പിയുടെ ഈ പരാമർശം കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്

No comments