Breaking News

നർക്കിലക്കാട് ആശുപത്രിയിൽ ആംബുലൻസുണ്ട് പക്ഷെ ഡ്രൈവറില്ല.. വെസ്റ്റ്എളേരി പഞ്ചായത്തോഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സി.പി.ഐ.എം നേതാക്കൾ


നർക്കിലക്കാട്: എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ആബുലൻസിന് മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവറെ നിയമിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം നേതാക്കളും പ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധ സമരം നടന്നത്. എം രാജഗോപാലൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് വെസ്റ്റ് എളേരിയിലെ നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് ആബുലൻസ് നൽകിയത്.ഇത് സ്ഥാപനത്തിന് കൈമാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവറെ നിയമിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി യോഗം നടക്കുന്നത് അറിഞ്ഞ് സിപിഐഎം പ്രവർത്തകരും നേതാക്കളും ഓഫീസിൽ എത്തിയത്. ഇതിനിടെ പ്രസിഡന്റും, വൈസ് പ്രസിഡന്റും, സെക്രട്ടറിയും ഉൽപ്പെടെ ഭരണസമിതിയോഗത്തിൽ നിന്ന് ഇറങ്ങിവന്ന് നേതാക്കളുമായി സംസാരിച്ച് അടുത്ത ദിവസം മുതൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്താമെന്ന് ഉറപ്പ് നൽകിയശേഷമാണ് ആളുകൾ പിരിഞ്ഞുപോയത്. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, സെക്രട്ടറി പങ്കജാക്ഷൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ, ഏരിയാ കമ്മിറ്റി അംഗം സ്കറിയ അബ്രഹാം, ലോക്കൽ സെക്രട്ടറി കയനി ജനാർദനൻ, പഞ്ചായത്ത് അംഗങ്ങളായ ഇ ടി ജോസ്, ബിന്ദു മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

No comments