Breaking News

മഴക്കാലപൂർവ്വ പകർച്ചവ്യാധി നിയന്ത്രണം: ബളാൽ പഞ്ചായത്തിൽ ഡങ്കി ഹർത്താൽ ആചരിച്ചു


വെള്ളരിക്കുണ്ട്: മഴക്കാല പൂർവ്വ പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിവിധ വാർഡ് തല ശുചിത്വ സമിതികൾ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ,  ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ ,സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബളാൽ പഞ്ചായത്തിൽ ഡങ്കി ഹർത്താൽ ആചരിച്ചു.  ഇതിന്റെ ഭാഗമായി എടത്തോട്, കനകപ്പള്ളി, കല്ലംചിറ, ബളാൽ , വെള്ളരിക്കുണ്ട് , മാലോം, വള്ളിക്കടവ് എന്നിവിടങ്ങളിൽ  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. എല്ലാ കുടുംബങ്ങളിലും വാർഡ്തല പ്രവർത്തകരുടെ നേതൃത്വത്തിൽ നോട്ടീസ് വിതരണം ചെയ്തു. പഞ്ചായത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. മലയോര മേഖലയിൽ കുറച്ച് വർഷങ്ങളായി ഡെങ്കിപ്പനി, എലിപ്പനി വ്യാപനം കൂടുതലായതിനാൽ കൊതുകിന്റെ  ഉറവിട നശീകരണം, ശുചീകരണം എന്നിവയിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.  വാർഡ്തല ആരോഗ്യ സേന പ്രവർത്തകർ ഈ ആഴ്ച തന്നെ വീടുകൾ പരിശോധിക്കുവാൻ എത്തുന്നതാണ്. റബർത്തോട്ടത്തിലെ ചിരട്ടകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയും കമുകിൻ തോട്ടങ്ങളിലെ പാളകൾ തൂക്കിയിട്ടും . വീടും പരിസരവും വൃത്തിയാക്കിയും സഹകരിക്കണം. വെള്ളരിക്കുണ്ട് അടക്കമുള്ള പഞ്ചായത്തിലെ ടൗണുകൾ മനോഹരമാക്കുന്നതിനും വാഹന കുരുക്ക് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളുടെ പിൻ വശത്ത് മാലിന്യങ്ങൾ ഉണ്ടെങ്കിൽ നീക്കം ചെയ്യണം. ടൗണുകൾ മനോഹരമാക്കുവാൻ ഹരിത കർമ്മസേനയുടെ സേവനം തേടും. ഡങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ഗപ്പി മത്സ്യ നിക്ഷേപം, ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കും. വെള്ളരിക്കുണ്ട് ടൗണിൽ നടന്ന പഞ്ചായത്ത് തല ശുചീകരണ പരിപാടിയിൽ വൈസ് പ്രസിഡന്റ് രാധാമണി എം അധ്യക്ഷത വഹിച്ചു.  പ്രസിഡന്റ് രാജു കടക്കയം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് സ്വാഗതവും വാർഡ് മെമ്പർ വിനു നന്ദിയും പറഞ്ഞു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് ചെറിയാൻ, ജിമ്മി ഇടപ്പാടിയിൽ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഡോക്സി സൈക്ലിൻ ഗുളിക വിതരണത്തിന്റെ ഉദ്ഘാടനം ചടങ്ങിനോടനുബന്ധിച്ച് വൈസ് പ്രസിഡന്റ് രാധാമണി എം നിർവഹിച്ചു.




No comments