Breaking News

കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; സർക്കാർ ഉത്തരവിറങ്ങി ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അധ്യക്ഷന്മാർക്ക് ഉത്തരവിറക്കാം


തിരുവനന്തപുരം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി ഉത്തരവിറങ്ങി.  ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഒണററി വൈൽഡ്‍ലൈഫ് വാർ‍ഡൻ എന്ന പദവി നൽകിയിട്ടുണ്ട്. അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്ഫോടകവ്സതുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. നിലവിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻമാർക്ക് മാത്രമാണ്. 

നിബന്ധനകൾ

* അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവച്ചിടാന്‍ ഉത്തരവിടാം, ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം

*  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാകണം വെടിവയ്ക്കേണ്ടത്

* കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യ മൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.

*  കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട് നടത്തണം

* കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജ‍ഡം ശാസ്ത്രീയമായി സംസ്കരിക്കണം.

* കാട്ടുപന്നികളെ കൊല്ലാനും ജഡം സംസ്കരിക്കാനും ജനജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം. 

ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡന്‍റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നിരുന്നു.

No comments