Breaking News

ഡൽഹിയിൽ വൻ തീപിടുത്തം; 27 പേർ മരിച്ചു, 60 പേരെ രക്ഷിക്കാനായെന്ന് പൊലീസ്

 


ഡൽഹി: ഡൽഹിയിൽ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലെ തീപിടുത്തത്തിൽ 27 പേർ പൊളളലേറ്റ് മരിച്ചു. കെട്ടിടത്തിൽ നിന്നും 70ഓളം പേരെ രക്ഷപ്പെടുത്തി. എന്നാൽ ഇനിയും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടർന്നത്. തീ അണയ്ക്കാൻ 24 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തുണ്ട്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. ആദ്യം 10 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

No comments