Breaking News

ജാ​ഗ്രത തുടരുക; അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത കാസ‍ർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ട്


തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസ‍ർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അല‍‍ർട്ടുമാണ്. ഈ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. വിനോദസഞ്ചാരികൾ രാത്രി യാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.

അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുളളതിനാൽ ജില്ലാ- താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 1077 എന്ന ട്രോൾ ഫ്രീ നമ്പറിൽ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങൾ 1912 എന്ന നമ്പറിൽ അറിയിക്കാം. കനത്ത മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

No comments