Breaking News

കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ പന്തലിൽ തളിർത്ത് മുന്തിരിക്കുല


കാഞ്ഞങ്ങാട് : മുന്തിരിക്കുലകൾ ഒറ്റയ്ക്കും കൂട്ടായും തൂങ്ങിക്കിടക്കുന്നു. പുളിരസം മാറിയിട്ടില്ലാത്ത പച്ചക്കുലകൾക്കിടയിൽ ചിലത് കറുപ്പിന്റെ അഴക് പിടിച്ചുതുടങ്ങിയിട്ടുണ്ട്. ജില്ലാ ജയിലിലെ മുന്തരിപ്പന്തൽ ഇക്കുറിയും പതിവുതെറ്റാതെ കുലച്ചു. കഴിഞ്ഞ വർഷം പത്തുകിലോ മുന്തിരിയാണ് കിട്ടിയത്.ഇക്കുറി അതിലും കൂടുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അഞ്ചുമീറ്റർ നീളവും മൂന്നരമീറ്റർ വീതിയുമുള്ള പന്തലാണ് ഇതിനായി ഒരുക്കിയത്.


2018-ലാണ് ഇവിടെ മുന്തിരിച്ചെടികൾ നട്ടത്. പാറപ്രദേശമായിട്ടും ഒന്നരവർഷം കൊണ്ട് പൂത്തുലഞ്ഞു. ആദ്യ വിളവിൽ രണ്ടുകിലോ കിട്ടി. മൂന്നാമത്തെ വിളവെടുപ്പാണ് ഇത്തവണത്തേത്. ജയിലിന്റെ വനിതാ വിഭാഗം സെല്ലിന്‌ മുന്നിലാണ് മുന്തിരിപ്പന്തൽ. ജയിലിലെ ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള വളമാണ് ഉപയോഗിക്കുന്നത്. വനിതാജയിലിലെ അസി. സൂപ്രണ്ടുമാരായ മൃദുല വി.നായർ, ഇ.കെ.പ്രിയ, എം.പ്രമീള എന്നിവരാണ് ഈ മുന്തിരിത്തോപ്പിനെ വെള്ളവും വളവും നൽകി പരിപാലിക്കുന്നത്. വനിതാജയിലിന്റെ മുൻപിൽ സ്ത്രീതടവുകാരെ കാണാനെത്തുന്നവർ വെയിലും മഴയും കൊണ്ടാണ് നിൽക്കാറുള്ളത്. ഇപ്പോൾ മുന്തിരിപ്പന്തലിൽ ഇളംകാറ്റേറ്റ് സംസാരിക്കാം. ജയിൽ വളപ്പിലൊട്ടാകെ കൃഷിയാണ്. ഇക്കുറി കുമ്പളങ്ങയുടെ വിളവ് 200 കിലോ ആണ്. ഇതിൽ പകുതി അമ്പലത്തറ സ്നേഹവീട്ടിൽ നൽകി. ബാക്കി ജയിലിലെ ആവശ്യത്തിനുപയോഗിച്ചു.ജയിലിലെ പാചകത്തിന് പച്ചമുളകും പയറും വഴുതിനയും വിപണിയിൽനിന്ന്‌ വാങ്ങേണ്ടി വരാറില്ലെന്ന് ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. തടവുകാരുടെ മനസ്സ് കുളിർക്കണം. അവർ നല്ല മനുഷ്യരായി പുറത്തുപോകണം. തെറ്റായ ചിന്ത അവർക്കുണ്ടാകരുത്. കൃഷിത്തോട്ടം കാണുന്നത് അത്തരം മാറ്റത്തിലേക്ക്‌ മനസ്സിനെയെത്തിക്കും -അദ്ദേഹം പറഞ്ഞു.


No comments