Breaking News

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; നോർക്ക വഴി 276 മലയാളി നഴ്സുമാർ ജർമനിയിലേക്ക്


തിരുവനന്തപുരം: ട്രിപ്പിള്‍ വിന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക് എത്തുന്നു. പല ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ ദാതാക്കള്‍ കേരളത്തിലെത്തി നേരിട്ടു നടത്തിയ അഭിമുഖങ്ങൾക്കൊടുവില്‍ ജര്‍മനിയിലേക്കു നോര്‍ക്ക വഴിയുള്ള നഴ്സുമാരുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 400 ഓളം പേര്‍ ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്ന് അവസാനം 276 ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുകയായിരുന്നു.


കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമാണു ജര്‍മനിയിലേക്കുള്ള നഴ്സുമാരുടെ തിരഞ്ഞെടുപ്പ് നടന്നത്. 276 പേരെയാണ് ആദ്യബാച്ചില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. www.norkaroots.org എന്ന വെബ്സൈറ്റില്‍ പട്ടിക ലഭ്യമാവും.


ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയിലെയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട് ഉദ്യോഗസ്ഥര്‍ മേയ് നാലു മുതല്‍ 13 വരെ തിരുവനന്തപുരത്തു ക്യാംപ് ചെയ്തു നടത്തിയ ഇന്റര്‍വ്യൂവിനു ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 2ന് നിലവില്‍ വന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയില്‍ നഴ്സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്.


നിലവില്‍ തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്കു തിരുവനന്തപുരത്തു തന്നെ ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കിയതിനു ശേഷമാണു ജര്‍മനിയിലേക്കു കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാ പരിശീലനത്തിനും അവിടത്തെ തൊഴില്‍ സാഹചര്യവുമായി ഇണങ്ങിച്ചേരാനും ജര്‍മന്‍ റജിസ്ട്രേഷന്‍ നേടാനുമുള്ള പിന്തുണയും സൗജന്യമായി ലഭിക്കും.


നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കായി ആവിഷ്കരിച്ച ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് 13 പേര്‍ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി ~ 1, ബി ~ 2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കു വേണ്ടിയാണു വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒരുക്കിയത്. അടുത്ത ഘട്ട ഇന്‍ര്‍വ്യൂ ഒക്ടോബറില്‍ നടക്കുമെന്നു നോര്‍ക്ക് റൂട്ട്സ് സിഇഒ അറിയിച്ചു.യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കും.


സംശയനിവാരണത്തിനു നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അതു നോര്‍ക്ക റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്നു സിഇഒ അറിയിച്ചു.

No comments