Breaking News

കെഎസ്ആർടിസിയിൽ 24 മണിക്കൂ‍ർ പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക്; ജനജീവിതത്തെ ബാധിക്കുന്നു, നേരിടാൻ ഡയസ്നോൺ




ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം ഭൂരിപക്ഷം കെഎസ്ആര്‍ടിസി ബസുകളും മുടങ്ങിയതോടെ സംസ്ഥാനത്ത് ജനം യാത്രാ ദുരിതത്തില്‍. ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രം. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസ് മാത്രമാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രം. പണിമുടക്കിന് സിഐടിയുവിന്റെ പരോക്ഷ പിന്തുണയുണ്ട്.

ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഉറച്ച് നില്‍ക്കുകയാണ് ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും പരോക്ഷ പിന്തുണയുണ്ട്. സംസ്ഥാനത്ത് 93 യുണിറ്റുകളില്‍ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഇതില്‍ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം.

No comments