Breaking News

കാട്ടുപന്നിയെ കൊല്ലാൻ പഞ്ചായത്തുകൾക്ക് ഉത്തരവിടാം ആശ്വാസകരമായ തീരുമാനമെന്ന് മലയോരത്തെ കർഷകർ


കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കടന്നുകയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനോ പരമ്പരാഗത രീതിയില്‍ കുരുക്കിട്ടു പിടിക്കുന്നതിനോ ഉത്തരവിടാനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനത്തിലെ അദ്ധ്യക്ഷന്മാര്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനുള്ള ഡെലിഗേറ്റിങ് ഓഫിസര്‍മാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരായിരിക്കും. ഇങ്ങനെ കൊല്ലുന്ന കാട്ടുപന്നികളെ ശാസ്ത്രീയമായി സംസ്‌കരിക്കണം. മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം എന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നു ചേര്‍ത്തിരിക്കുന്നത്. അതാതു മേഖലയില്‍ തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍ തയാറാക്കി വയ്ക്കണം. ഇങ്ങനെയുള്ളവരില്ലെങ്കില്‍ പൊലീസിന്റെ സഹായം തേടാം. അതേസമയം വൈദ്യുതി ഉപയോഗിച്ചോ, വിഷ പ്രയോഗത്തിലൂടെയോ കാട്ടുപന്നികളെ കൊല്ലാന്‍ പാടില്ലെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

No comments