Breaking News

വെള്ളരിക്കുണ്ട് -മാലോം- ചെറുപുഴ റൂട്ടിൽ സർവീസ് ആരംഭിച്ച ബസിന് മാലോത്ത് ആവേശോജ്വലമായ സീകരണം


മാലോം:  മലയോര മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന മലയോര ഹൈവേ വഴിയുള്ള യാത്രക്കാർക്ക് ആശ്വാസമായി വെള്ളരിക്കുണ്ട് -മാലോം - ചെറുപുഴ റൂട്ടിൽ ഒരു പുതിയ ബസ്സ് സർവ്വീസ് കൂടി ആരംഭിച്ചു. പാത്തിക്കര , പുന്നക്കുന്ന്,പുങ്ങംചാൽ, നാട്ടക്കൽ, മാലോം , കൊന്നക്കാട്, കുറ്റിത്താന്നി,പറമ്പ, അതിരുമാവ്, കാറ്റാംകവല, ചട്ടമല, ഈട്ടിത്തട്ട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചെറുപുഴയിലേക്ക് എത്തിചേരുവാൻ ഈ സർവ്വീസ് ഏറെ സഹായകരമാകും. യാത്രാ ക്ലേശം രൂക്ഷമായ മലയോര ഹൈവേയിൽ കൂടുതൽ ബസ്സ് സർവ്വീസുകൾ ആരംഭിക്കണമെന്ന് ഉത്തരമലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ കാസർഗോഡ് ആർ.ടി.ഒയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.രാവിലെ  8:25 am ന് ചെറുപുഴ നിന്ന് ചിറ്റാരിക്കാൽ (8:40am) - കുന്നുംകൈ (9:05am ) - ഭീമനടി (9:05 am) വഴി മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് എത്തുന്ന ബസ്സ് അവിടെ നിന്ന് 9:25 ന് പുറപ്പെട്ട് മാലോം (9:50) വള്ളിക്കടവ് , കാറ്റാംകവല, ചിറ്റാരിക്കാൽ (10:20) വഴി 10:30 ന് ചെറുപുഴ എത്തിചേരും.  ആലക്കോട് - ഇരിട്ടി ഭാഗത്തേക്കുള്ള യാത്രക്കാർക്കുള്ള  കണക്ഷൻ സർവ്വീസ് കൂടിയാണ് ഈ പുതിയ സർവ്വീസ് . ബസ്സിന് ഉത്തരമലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഡാർലിൻ ജോർജ് കടവൻ, പ്രകാശ്, ഷെറിൻ കൊല്ലകൊമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് പ്രസിഡന്റ്‌ ടോമിച്ചൻ കാഞ്ഞിരമറ്റം ,  ഹെഡ് ലോഡ് വർക്കേഴ്‌സ് അംഗങ്ങൾ ആയ ബിജു ചുണ്ടകാട്ട്, അനൂപ് എന്നിവരും ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ മാലോം ടൗണിൽ സ്വീകരണം നൽകി.യാത്ര ക്കാർക്കും, ബസ് ജീവനക്കാർക്കും നാട്ടുകാർക്കും ഉത്തരമലബാർ പാസഞ്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ സന്തോഷ സൂചകമായി മധുരം പങ്കുവെച്ചു. മലയോര ഹൈവേ വഴി കൂടുതൽ ബസുകൾ സർവീസ് നടത്താൻ ഉള്ള ശ്രമങ്ങൾ തുടരുമെന്ന് ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

No comments